ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയമാണെന്ന്‌ അഭിപ്രായപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ലോകം മുഴുവന്‍ തങ്ങളെ അഭിനന്ദിച്ചാലും കോണ്‍ഗ്രസ് അത് ചെയ്യില്ലെന്നും ജനങ്ങളോടൊപ്പം നില്‍ക്കേണ്ട സമയത്ത് സര്‍ക്കാരിനെതിരേ തെറ്റായ പ്രചാരണം നടത്തുകയാണെന്നും പ്രകാശ് ജാവഡേക്കര്‍ ആരോപിച്ചു. 

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയും കരയുകയുമാണ് ചെയ്തത്. ഇപ്പോള്‍ നമ്മള്‍ ആശ്വാസം കൊള്ളുമ്പോള്‍ വീണ്ടും കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ജര്‍മിനി, ബ്രസീല്‍, സ്‌പെയിന്‍, ഇറ്റലി, ചൈന തുടങ്ങി നിരവധി രാജ്യങ്ങളില്‍ വൈറസ് വ്യാപനം എത്രമാത്രം ബാധിച്ചു എന്നത് നമ്മള്‍ കണ്ടതാണ്. ഈ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങള്‍ വളരെ ചെറുതാണ്.- അദ്ദേഹം പറഞ്ഞു.

നാലു ഘട്ടങ്ങളിലായി നടപ്പിലാക്കിയ ലോക്ക്ഡൗണിലും പ്രതീക്ഷിച്ച ഫലം നല്‍കിയില്ലെന്നും ലോക്ക്ഡൗണ്‍ പൂര്‍ണ പരാജയമാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരേ രൂക്ഷമായ പ്രതികരണവുമായി മന്ത്രി എത്തിയത്. 

കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ എന്ന നയം സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതീക്ഷച്ചതുപോലെ ഫലപ്രദവുമായിരുന്നില്ല ലോക്ക്ഡൗണില്‍ നിന്നുമുണ്ടായതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ തങ്ങളെ അഭിനന്ദിച്ചാലും കോണ്‍ഗ്രസ് അത് ചെയ്യില്ല. അവര്‍ രാഷ്ട്രീയം കളിക്കും. കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളോടൊപ്പം നില്‍ക്കേണ്ട സമയത്ത് സര്‍ക്കാരിനെതിരേ തെറ്റായ പ്രചാരണം നടത്തുകയാണ്.- മന്ത്രി പറഞ്ഞു.

Content Highlights: Prakash Javadekar slams Rahul Gandhi for calling lock down a failed attempt