ന്യൂഡല്‍ഹി: നെഹ്‌റുവും സുഭാഷ് ചന്ദ്രബോസും അടക്കമുള്ളവരെക്കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദത്തിലായ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വിശദീകരണവുമായി രംഗത്ത്. 

തന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴുണ്ടായ തെറ്റിദ്ധാരണയാണ് ഇത്തരമൊരു വിവാദത്തിന് ഇടയാക്കിയതെന്നും താന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനേതാക്കളെ ബഹുമാനിക്കുന്ന ആളാണെന്നും അദ്ദേഹം വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.

തന്റെ പ്രസംഗത്തെക്കുറിച്ച് ഇത്തരമൊരു വാര്‍ത്ത വന്നപ്പോള്‍ തമാശയാണ് തോന്നിയത്. എല്ലാ സ്വാതന്ത്ര്യ സമര നേതാക്കളെയും ബഹുമാനിക്കുന്നു. ഗാന്ധി, നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. അതിനു ശേഷം അവരില്‍ തൂക്കിക്കൊലയ്ക്ക് വിധേയരായവരെക്കുറിച്ചും ജയിലിലടയ്ക്കപ്പെട്ടവരെക്കുറിച്ചും ബ്രിട്ടീഷുകാരുടെ കീഴില്‍ ദുരിതമനുഭവിച്ചവരെക്കുറിച്ചും താന്‍ പറഞ്ഞു. ഈ സംഭാഷണങ്ങള്‍ക്കിടയില്‍ വിരാമ ചിഹ്നം ഇല്ലാതെയാണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ പൊതു പരിപാടിയില്‍ പ്രസംഗിക്കവെയാണ് പ്രകാശ് ജാവ്‌ദേക്കര്‍ വിവാദ പരമര്‍ശം നടത്തിയത്. നേതാജി സുഭാഷ് ചന്ദ്രബോസ്, സര്‍ദാര്‍ പട്ടേല്‍, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ഭഗത് സിംഗ് തുടങ്ങി തൂക്കിലേറ്റപ്പെട്ട എല്ലാ സ്വാതന്ത്ര്യ സമര നേതാക്കളെയും അഭിവാദ്യം ചെയ്യുന്നു എന്നാണ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞത്. 

മന്ത്രിയുടെ പ്രസംഗം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും നിരവധി പേര്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രകാശ് ജാവ്‌ദേക്കര്‍ വിശദീകരണം നല്‍കിയത്.