
പ്രജ്ഞാ സിങ് ഠാക്കൂർ വിവാഹച്ചടങ്ങിൽ നൃത്തംചെയ്യുന്നു
ഭോപ്പാല്‍: ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ ഹാജരാകാതിരുന്ന ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ ഒരു വിവാഹ പാര്‍ട്ടിക്കിടെ നൃത്തം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നു. അടുത്തിടെ അവര്‍ ബാസ്കറ്റ് ബോള്‍ കളിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഇത്.
ഭോപ്പാലില്‍ പ്രജ്ഞാ സിങ്ങിന്റെ വസതിയില്‍ നടന്ന വിവാഹ പരിപാടിയില്‍ അവര്‍ മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും മറ്റുള്ളവരെ നൃത്തത്തിനായി ക്ഷണിക്കുന്നതും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വീഡിയോയില്‍ കാണാം. പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട രണ്ടു യുവതികളുടെ വിവാഹമാണ് പ്രജ്ഞാ സിങ്ങിന്റെ നേതൃത്വത്തില്‍ നടന്നത്. ഇതിനിടെയായിരുന്നു നൃത്തം. വീഡിയോ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
2008ലെ മാലേഗാവ് സ്ഫോടന കേസില്‍ ഒമ്പത് വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം 2017ല്‍ ആണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കേസില്‍ നേരിട്ട് ഹാജരാകുന്നതില്ന്ന് ഒഴിവാക്കണമെന്ന് ജനുവരിയില്‍ കോടതിയില്‍ അവർ അപേക്ഷ നല്‍കിയിരുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ അവര്‍ ഹാജരാകാന്‍ എത്തിയിരുന്നത് വീല്‍ച്ചെയറില്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അവര്‍ ഭോപ്പാലിലെ ഒരു ബാസ്കറ്റ് ബോള്‍ കോര്‍ട്ടില്‍ ബാസ്കറ്റ് ബോള്‍ കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി അവര്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് വിവാഹ പരിപാടിയില്‍ നൃത്തം ചെയ്യുന്ന ദൃശ്യവും പുറത്തുവന്നത്.
മഹാരാഷ്ട്രയിലെ മാലേഗാവില്‍ മുസ്ലിം പള്ളിക്കു സമീപം നടന്ന ബോംബ് സ്ഫോടനം സംബന്ധിച്ച കേസില്‍ കോടതി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇവര്‍. സ്ഫോടനത്തില്‍ ആറ് പേര് കൊല്ലപ്പെടുകയും 100-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2019ല്‍ ഭോപ്പാലില്‍ നിന്നാണ് അവര്‍ ബിജെപി എംപിയായി ലോക്സഭയിലെത്തിയത്.
Content Highlights: Pragya Thakur Seen Dancing at Wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..