മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി നേതാവുമായ പ്രഫുല്‍ പട്ടേല്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. ഒക്ടോബര്‍ 18ന് ഹാജരാവണമെന്നാണ് നിര്‍ദ്ദേശം. ദാവൂദ് ഇബ്രാഹിമിന്റെ സഹായിയായ ഇക്ബാല്‍ മിര്‍ച്ചിയുടെ ഭാര്യ ഹജ്രയുമായി നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

മുംബൈയിലെ സി.ജെ. ഹൗസ് എന്ന പാര്‍പ്പിടസമുച്ചയത്തിനുവേണ്ടി 2007-ല്‍ ഇഖ്ബാല്‍ മിര്‍ച്ചിയും പ്രഫുല്‍ പട്ടേലും ഒപ്പുവെച്ച കരാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രഫുല്‍ പട്ടേലും ഭാര്യയും പ്രൊമോട്ടര്‍മാരായ മിലേനിയം ഡെവലപ്പേഴ്സ് എന്ന കമ്പനിക്കുവേണ്ടിയായിരുന്നു ഈ കരാര്‍. 2013-ല്‍ അന്തരിച്ച ഇഖ്ബാല്‍ മിര്‍ച്ചി അധോലോകക്കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയായാണ് അറിയപ്പെടുന്നത്. എന്‍.സി.പി. നേതാവിന് മയക്കുമരുന്നുകടത്ത് സംഘവുമായും ഭീകര-അധോലോക കുറ്റവാളികളുമായും പണമിടപാടുണ്ടായിരുന്നു എന്നതിന് തെളിവാണ് ഈ കരാറെന്ന് ബി.ജെ.പി. ആരോപിക്കുന്നു.

മുംബൈയിലെ പല വസ്തുവകകളും ഇഖ്ബാല്‍ മിര്‍ച്ചിയുടെ ബിനാമിസ്വത്തില്‍പ്പെട്ടതാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് മിലേനിയം ഡെവലപ്പേഴ്സിന് ലഭിച്ച സി.ജെ. ഹൗസ്. മിര്‍ച്ചിയും മിലേനിയം ഡെവലപ്പേഴ്സും ചേര്‍ന്നാണ് 2006-2007 കാലത്ത് ഇവിടെ 15 നില കെട്ടിടം വികസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ മൂന്നും നാലും നില 2007-ല്‍ മിര്‍ച്ചിയുടെ കുടുംബത്തിന് കൈമാറി. മിലേനിയം ഡെവലപ്പേഴ്സിലെ ഓഹരിയുടമയായ പ്രഫുല്‍ പട്ടേലിന്റെ പേരിലാണ് രണ്ട് ഫ്‌ളാറ്റുകള്‍.

അതേസമയം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ തകര്‍ക്കാനുള്ള കേന്ദ്രനീക്കമാണ് ഇതെന്നും, വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെന്നും എന്‍സിപിയും പ്രഫുല്‍ പട്ടേലും പ്രതികരിച്ചു.

Content Highlights: Praful Patel Summoned By Enforcement Directorate Over Deal With Dawood Ibrahim's Aide