Photo: Mathrubhumi
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ നിയമപരമായ അധികാരങ്ങള്‍ താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി. സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി ശക്തിപ്പെടുത്തും. മേല്‍നോട്ട സമിതി ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച്ച പുറത്തിറക്കുമെന്നും കോടതി വ്യക്തമാക്കി.
മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഡാം സുരക്ഷാ നിയമ പ്രകാരം രൂപീകൃതമായ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച്ച കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതോറിറ്റി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇനിയും ഒരു വർഷംകൂടി സമയം ആവശ്യമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതുവരെ അതോറിറ്റിയുടെ അധികാരം മേല്‍നോട്ട സമിതിക്ക് കൈമാറണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അതോറിറ്റിയില്‍ നിക്ഷിപ്തമായ നിയമപരമായ അധികാരങ്ങള്‍ താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറി ഉത്തരവിറക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.
തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ പിന്തുണച്ചു. മേല്‍നോട്ട സമിതിയില്‍ രണ്ട് സാങ്കേതിക വിദഗ്ദ്ധരേക്കൂടി ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും കോടതി തത്വത്തില്‍ അംഗീകരിച്ചു. കേരളത്തിന്റെയും തമിഴ്നാടിന്റെയും ചീഫ് സെക്രട്ടറിമാരാണ് ഓരോ സാങ്കേതിക വിദഗ്ധരെ സമിതിയിലേക്ക് നോമിനേറ്റ് ചെയ്യേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.
അധികാരങ്ങള്‍ ഇല്ലാത്ത സമിതിയെന്നാണ് മേല്‍നോട്ടസമിതിയെ സംസ്ഥാനങ്ങള്‍ കോടതിയില്‍ നടന്ന വാദത്തിനിടയില്‍ വിശേഷിപ്പിച്ചിരുന്നത്. ഡാം സേഫ്റ്റി അതോറിറ്റിയുടെ അധികാരം ലഭിക്കുന്നതോടെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി കൂടുതല്‍ ശക്തമാവുകയാണ്. അണക്കെട്ടിന്റെ പരിപാലനം, സുരക്ഷ, അറ്റകുറ്റപ്പണികള്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സമിതിക്ക് ലഭിക്കും.
മേല്‍നോട്ട സമിതി നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിയമപരമായി കേരളത്തിനും തമിഴ്നാടിനും ബാധ്യത ഉണ്ടായിരിക്കും. മേല്‍നോട്ട സമിതി ശക്തിപ്പെടുത്തണമെന്ന് കേരളവും ഹർജിക്കാരനായ ഡോ. ജോ ജോസഫും സുപ്രീം കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Content Highlights: powers of dam safety authority can be handed over to observation council says supreme court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..