ചണ്ഡീഗഢ്: പഞ്ചാബില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് യൂണിറ്റിന് മൂന്ന് രൂപ കുറച്ചു. മുഖ്യമന്ത്രി ചരണ്ജിക്ക് സിങ് ചന്നിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
സംസ്ഥാനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് പൊതുജനത്തിന് ആശ്വാസമാവുന്ന തരത്തിലുള്ള സര്‍ക്കാര്‍ പ്രഖ്യാപനം. ജനങ്ങള്‍ക്കാവശ്യം കുറഞ്ഞ നിരക്കിലോ സൗജന്യമോ ആയ വൈദ്യുതിയാണെന്ന് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടന്ന സര്‍വേയില്‍ വ്യക്തമായി. നിരക്ക് കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം സംസ്ഥാനത്തെ 95 ശതമാനം കുടുംബങ്ങള്‍ക്കും ആശ്വാസകരമാണെന്നും മുഖ്യമന്ത്രി ചന്നി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കാട്ടിക്കൂട്ടലാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റേയും മുഖ്യമന്ത്രി ചരണ്‍ ജിത്ത് സിങ്ങ് ചന്നിയുടേയും തെറ്റായ വാഗ്ദാനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള എഎപി നേതാവ് രാഘവ് ഛദ്ദ ജനങ്ങളോട് ആവശ്യപ്പെട്ടു.
രാജ്യത്ത് മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തിലുണ്ട്. പക്ഷെ അവിടെയൊന്നും വൈദ്യുത നിരക്ക് കുറച്ചിട്ടില്ല. കാരണം അവരുടെ യഥാര്‍ഥ ഉദ്ദേശം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുക എന്നതല്ലെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ കോണ്‍ഗ്രസ് ആശങ്കാകുലരാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Power Rates Slashed By Rs 3 For Consumers In Punjab
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..