ഉത്തരാഖണ്ഡിൽ വിള്ളലുകൾ വന്ന കെട്ടിടങ്ങൾ
ജോഷിമഠ് (ഉത്തരാഖണ്ഡ്): ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താണ്, കെട്ടിടങ്ങളിൽ വിള്ളലുണ്ടാകുന്ന സംഭവവികാസങ്ങൾക്ക് പിന്നിൽ എൻ.ടി.പി.സി. (National Thermal Power Corporation) നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണെന്ന് ആരോപണം. ഇതിന്റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ് സർക്കാർ അന്വേഷണം നടത്തുമെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു.
എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചേർന്നായിരിക്കും അന്വേഷണം നടത്തുക. ജോഷിമഠിലെ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടി ചേർന്ന മന്ത്രിസഭായോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ ഉണ്ടായിരിക്കുന്നത്.
ദുരിതാശ്വാസ സഹായത്തിനായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എൻ.ടി.പി.സിയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് ഇത്തരത്തിലുള്ള പ്രതിഭാസങ്ങൾക്ക് കാരണമെന്ന ആരോപണം തുടക്കം മുതൽക്ക് തന്നെ ഉയർന്നിരുന്നു. ടണൽ നിർമാണത്തിന്റെ ഭാഗമായി പാറപൊട്ടിക്കൽ നിർത്തണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ ജനങ്ങൾ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.
തപോവൻ - വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുന്ന 12 കിലോമീറ്റർ നിളമുള്ള തുരങ്കം ജോഷിമഠ് നഗരത്തിൽ നിന്ന് ഒരു കിലോമീറ്ററെങ്കിലും അടിയിലാണെന്നും ഭൂമി ഇടിഞ്ഞു താഴുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ബന്ധമില്ലെന്നായിരുന്നു എൻ.ടി.പി.സി. വൈദ്യുതി മന്ത്രാലയത്തോട് വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നിലവിലുള്ള സംഭവ സ്ഥലങ്ങളിൽ നിരന്തരമായുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നില്ലെന്നും എൻ.ടി.പി.സി. വ്യക്തമാക്കിയിരുന്നു.
അതേസമയം ജോഷിമഠിൽ നിന്ന് 99 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചുവെന്നും ഇവർക്ക് ധനസഹായമായി 1.5 ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. പുനരധിവാസവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ അവരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും സർക്കാർ അറിയിച്ചു.
Content Highlights: Power Firm NTPC Responsible For Joshimath Sinking Uttarakhand To Probe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..