പലയിടങ്ങളില്‍ കയറിയിറങ്ങിയിട്ടും നല്ലൊരു ജോലി ലഭിച്ചില്ലെന്നും ലോക്ഡൗണ്‍ കൂടിയായതിനാല്‍ ജീവിതം കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണെന്നും ട്വീറ്റ് ചെയ്ത് ബിരുദാനന്തരബിരുദധാരി. കോവിഡ് നിയന്ത്രണങ്ങള്‍ യോജിച്ച ജോലി കണ്ടെത്താന്‍ തടസ്സമായിരിക്കുകയാണെന്ന് സൂചിപ്പിച്ച് ഞായറാഴ്ചയാണ് വികാഷ് എന്ന യുവാവ് ട്വിറ്ററിലൂടെ സഹായം തേടിയത്. സോഷ്യോളജിയിലാണ് വികാഷ് ബിരുദാനന്തരബിരുദം നേടിയിട്ടുള്ളത്.  

'എന്തെങ്കിലും ഒരു ജോലി കണ്ടെത്താന്‍ ദയവായി എന്നെ സഹായിക്കൂ. ലോക്ഡൗണ്‍ കാലത്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് ഏറെ പ്രയാസമാണ്. ലോക്ഡൗണ്‍ ആയതോടെ  സ്വകാര്യകമ്പനിയില്‍ പോലും ഒരു ജോലി കണ്ടെത്താന്‍ സാധിച്ചില്ല. തട്ടിയും മുട്ടിയും കഴിയുന്നത് പോലും ബുദ്ധിമുട്ടാണ്. ദിവസക്കൂലിയ്ക്ക് പണിയെടുക്കാനും ഞാന്‍ തയ്യാറാണ്'. വികാഷ് ട്വിറ്ററില്‍ കുറിച്ചു.

'ഡല്‍ഹി അംബദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്, ഒരു ഡ്രൈവറായി ജോലി ചെയ്യാനും ഞാന്‍ ഒരുക്കമാണ്. ഈ അവസരത്തില്‍ എന്ത് ജോലി കിട്ടിയാലും വളരെ ഉപകാരമായിരിക്കും. മുന്‍കൂറായി തന്നെ നന്ദി അറിയിക്കുന്നു'. മറ്റൊരു ട്വീറ്റില്‍ വികാഷ് പറഞ്ഞു. താന്‍ ചുമടെടുക്കുന്നതിന്റെ ഒരു ചിത്രവും തന്റെ യോഗ്യത തെളിയിക്കുന്ന രേഖകളും വികാഷ് ട്വിറ്ററില്‍ പങ്കു വെച്ചിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ് സാഹിത്യത്തില്‍ കൂടി എംഎ നേടാനുള്ള തയ്യാറെടുപ്പിലാണെന്നും മറ്റൊരു ട്വിറ്റിലുണ്ട്. 

നിരവധി പേര്‍ വികാഷിന്റെ ട്വീറ്റിനോട് പ്രതികരിച്ചു. ചിലര്‍ തൊഴിലവസരങ്ങള്‍ പങ്കു വെച്ചപ്പോള്‍ മറ്റു ചിലര്‍ ധൈര്യം കൈവിടാതിരിക്കാന്‍ ആവശ്യപ്പെട്ടു. വികാഷിന്റെ വിഷമത്തിലും പലരും പങ്കു ചേര്‍ന്നു. വികാഷ് ഒറ്റക്കല്ലെന്നും ഒപ്പമുണ്ടാകുമെന്നും ചിലര്‍ ആശ്വസിപ്പിച്ചു. ഇത്രയും യോഗ്യതയുള്ള ഒരാളെ തേടി മികച്ച തൊഴിലവസരം വന്നെത്തുമെന്നും ചിലര്‍ ആശംസിച്ചു. ലോക്ഡൗണ്‍ മൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസിലാക്കട്ടെയെന്ന് പ്രത്യാശിച്ചവരും ഉണ്ട്.  

 

Content Highlights: Postgraduate In Sociology Forced To Work As Labourer, Has An Appeal