ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ട ബോർഡുകൾ | Photo: ANI
ഹൈദരാബാദ്: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആര്‍.എസ്. നേതാവ് കെ. കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'ജനാധിപത്യത്തിന്റെ അന്തകന്‍' എന്ന് വിശേഷിപ്പിച്ച് ഹൈദരാബാദില്‍ ഫ്ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. 'ഇരട്ടത്താപ്പിന്റെ പിതാമഹന്‍' എന്നും ഈ ഫ്ലെക്‌സുകളില്‍ പ്രധാനമന്ത്രിയെ വിശേഷിപ്പിക്കുന്നു. അദാനിയും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഓരോ തലയെ പ്രതിനിധീകരിക്കുന്ന, പത്ത് തലകളോടെയാണ് പ്രധാനമന്ത്രിയെ ഫ്ലെക്‌സ് ബോര്‍ഡുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.
'ടൈഡ്' അലക്കുപൊടിയുടെ പരസ്യത്തെ ഓര്‍മ്മിപ്പിക്കുന്ന പോസ്റ്ററുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും പശ്ചിമ ബംഗാളിലും മുമ്പ് മറ്റ് പാര്‍ട്ടികളില്‍ ആയിരുന്നപ്പോള്‍ കളങ്കിതര്‍ എന്ന് വിശേഷിപ്പിച്ചവര്‍ക്കെതിരെ 'റെയ്ഡ്' ഉപയോഗിച്ച് അവരെ കാവിവത്കരിച്ചുവെന്നാണ് പോസ്റ്ററുകളില്‍ സൂചിപ്പിക്കുന്നത്. ഇതേസമയം, തെലങ്കാനയില്‍ റെയ്ഡ് ആയുധമാക്കിയിട്ടും കെ. കവിതയെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ലെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. 'ശരിയായ നിറങ്ങള്‍ ഒരിക്കലും മങ്ങില്ലെ'ന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നു. ബൈ ബൈ മോദി എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റര്‍.
ശനിയാഴ്ച ഒമ്പതുമണിക്കൂറോളം കവിതയെ ഇ.ഡി. ചോദ്യം ചെയ്തു. മാര്‍ച്ച് 16-ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കവിതയ്ക്ക് ഇ.ഡി. നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ അരുണ്‍ രാമചന്ദ്രപിള്ളയ്‌ക്കൊപ്പമിരുത്തിയും കവിതയെ ചോദ്യം ചെയ്തുവെന്നാണ് വിവരം. കവിതയുടെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങള്‍ ഇ.ഡി. ശേഖരിച്ചു. അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന സമയത്ത് കവിത ഉപയോഗിച്ചിരുന്ന ഫോണ്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും ഇ.ഡി. ചോദിച്ചെന്നാണ് റിപ്പോർട്ട്.
Content Highlights: Posters Hyderabad PM Modi destroyer of democracy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..