മുംബൈ: ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യസര്‍ക്കാര്‍ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ മുംബൈയിലെ ശിവസേന ആസ്ഥാനത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന ആശംസാ പോസ്റ്റർ വാർത്താ ശ്രദ്ധ നേടുകയാണ്. 

"ബാലാസാഹേബ് താക്കറെയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ശിവസേനയില്‍നിന്ന് മുഖ്യമന്ത്രി" എന്നെഴുതിയ പോസ്റ്ററിലെ ബാല്‍ താക്കറെയും ഇന്ദിരാ ഗാന്ധിയും ഒരുമിച്ചുള്ള ചിത്രമാണ് ചർച്ചയാവുന്നത്. ഉദ്ധവിന്റെയും മകനും വര്‍ളി എം.എല്‍.എയുമായ ആദിത്യ താക്കറെയുടെയും ചിത്രവും പോസ്റ്ററിലുണ്ട്. 

രണ്ട് വ്യത്യസ്ത ചിന്താധാരയിൽപ്പെടുന്നവർ ഒരുമിച്ച് വരുന്ന ചിത്രം എന്ന നിലയിലാണ് പോസ്റ്റർ വാർത്താപ്രാധാന്യം നേടുന്നത്. 

1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഉള്‍പ്പെടെ ഇന്ദിരാ ഗാന്ധിയുടെ പല നടപടികളെയും ബാല്‍ താക്കറെ പിന്തുണച്ചിരുന്നുവെന്നാണ് ശിവസേന അഭിപ്രായപ്പെടുന്നത്. പലഘട്ടങ്ങളിലും കോണ്‍ഗ്രസിന് ശിവസേന പിന്തുണയും നല്‍കിയിരുന്നു.

മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പി-ശിവസേന സഖ്യം തകര്‍ന്നത്. 

content highlights: poster featuring photos of bal thackeray and indira gandhi near shivsena bhavan