കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ സിബിഐ അന്വേഷണം നടത്താനുള്ള കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് മമത സർക്കാർ. സിബിഐ പ്രവർത്തിക്കുന്നത് കേന്ദ്രത്തിന്‍റെ നിർദേശപ്രകാരമാണെന്ന് സംസ്ഥാന സർക്കാർ ഹർജിയില്‍ ആരോപിച്ചു.

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ അവര്‍ ലക്ഷ്യമിടുകയാണെന്നും കേന്ദ്ര ഏജന്‍സിയില്‍ വിശ്വാസക്കുറവ് പ്രകടിപ്പിച്ചുകൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചു.

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിനു ശേഷം നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ 31 കേസുകള്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന കൊലപാതകം, ബലാത്സംഗം, ബലാത്സംഗ ശ്രമം എന്നിവയെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 19നാണ് കല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.  മറ്റ് ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘവും രൂപവത്കരിച്ചു.

തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു. മമത ബാനര്‍ജി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് നിയമവാഴ്ചയ്ക്ക് പകരം ഭരണാധികാരിയുടെ നിയമമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

എന്നാല്‍, കേന്ദ്രം തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. 

അതേസമയം, പശ്ചിമ ബംഗാളിലെ കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മമത ബാനര്‍ജിയുടെ സഹോദരപുത്രനും ഡയമണ്ട് ഹാര്‍ബര്‍ എംപിയുമായ അഭിഷേക് ബാനര്‍ജിയെയും ഭാര്യയേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. ഭാര്യ രുജിറ ബാനര്‍ജിയോട് സെപ്തംബര്‍ ഒന്നിനും അഭിഷേകിനോട് സെപ്റ്റംബര്‍ ആറിനും ഇ.ഡിക്ക് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights: Post-poll violence Bengal moves to Supreme Court against High Court's CBI probe order