കൊൽക്കത്ത: പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിനെയും തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷിനെയും വിമർശിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോ. സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് പ്രഖ്യാപിച്ച ബാബുലിനെ പരിഹസിച്ച് ഇരുനേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനെതിരേയാണ് ബാബുലിന്റെ ഫെയ്സ്ബുക്കിലൂടെയുളള പ്രതികരണം.

'ഞാൻ നിങ്ങളുടെ പ്രതികരണങ്ങൾ വായിച്ചിരുന്നു. രണ്ടുപേരും തങ്ങളുടേതായ രീതിയിലാണ് ഇക്കാര്യം നോക്കിക്കാണുന്നത്. അതേ രീതിയിലാണ് കാര്യങ്ങൾ മനസ്സിലാക്കുന്നതും, പിന്തുണയ്ക്കുന്നതും. അവർ ഇക്കാര്യത്തെ എതിർക്കുകയാണ്. എന്റെ തീരുമാനത്തിനെതിരേ അവർ ചോദ്യങ്ങൾ ഉന്നയിക്കുന്നു. ചിലർ അവരവരുടെ തിരഞ്ഞെടുപ്പ് പ്രകാരമുളള ഭാഷ പ്രയോഗിക്കുന്നു, ഞാൻ അത് അംഗീകരിക്കുന്നു. എന്നാൽ എനിക്ക് എന്റെ പ്രവർത്തനങ്ങളിലൂടെ മറുപടി നൽകാൻ കഴിയും. ഒരു എംപി അല്ലെങ്കിൽ മന്ത്രി പദവിയിൽ ഞാനെന്തിനുണ്ടാകണം.?

എനിക്ക് കുറച്ച് സമയം തരൂ. ഞാനിപ്പോൾ എന്റെ സംഗീതത്തിലും ഷോകളിലുമാണ് ശ്രദ്ധ ചെലുത്താൻ ഉദ്ദേശിക്കുന്നത്. എനിക്ക് ധാരാളം സമയം കൈയിലുണ്ട്. ഇനി ഇത്തരത്തിലുളള പ്രതികരണങ്ങൾ എനിക്ക് കൈകാര്യം ചെയ്യേണ്ടതായി വരില്ല. ഒരുപാട് പോസിറ്റീവ് എനർജി ലാഭിക്കാൻ സാധിക്കും. അത് നല്ല കാര്യങ്ങൾക്കായി എനിക്ക് വിനിയോഗിക്കാനാകും.'', ഫെയ്സ്ബുക്ക് കുറിപ്പിൽ ബാബുൽ എഴുതുന്നു.

ശനിയാഴ്ചയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് ബാബുൽ സുപ്രിയോ ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. 'എന്റെ അച്ഛനോടും അമ്മയോടും ഭാര്യയോടും മകളോടും സുഹൃത്തുക്കളോടും സംസാരിച്ചതിന് ശേഷം എല്ലാ കാര്യങ്ങളും മനസ്സിലാക്കിയതിന് ശേഷം മറ്റൊരു പാർട്ടിയിലേക്ക് മാറുകയാണെന്ന് ഞാൻ പറയുകയാണ്. എന്നെ തൃണമൂൽ ക്ഷണിച്ചിട്ടില്ല. കോൺഗ്രസ്, സിപിഎം ഒരുപാർട്ടിയും ക്ഷണിച്ചിട്ടില്ല. അതിലൊന്നും ഞാൻ ചേരുന്നുമില്ല. ഞാൻ ഒരു ടീമിൽ കളിക്കുന്നയാളാണ്. എന്നും ഞാൻ പിന്തുണച്ചിട്ടുളളത് ഒരു ടീമിനെയാണ്, മോഹൻ ബഗാനെ. അതുപോലെ ഒരുപാർട്ടിക്കൊപ്പം മാത്രമാണ് പ്രവർത്തിച്ചിട്ടുളളത് ബിജെപിക്കൊപ്പം. അത്രമാത്രം.' , രാജി പ്രഖ്യാപിച്ചുകൊണ്ട് ബാബുൽ സുപ്രിയോ എഴുതി.

എന്നാൽ കുറച്ചുനിമിഷങ്ങൾക്കുളളിൽ തന്റെ പോസ്റ്റ് ബാബുൽ തിരുത്തുകയും ചെയ്തു. മറ്റൊരുപാർട്ടിയിലും ചേരുന്നില്ലെന്ന ഭാഗം പൂർണമായും ഒഴിവാക്കി. 'എന്റെ അച്ഛനോടും അമ്മയോടും ഭാര്യയോടും മകളോടും സുഹൃത്തുക്കളോടും സംസാരിച്ചതിന് ശേഷം എല്ലാ കാര്യങ്ങളും മനസ്സിലാക്കിയതിന് ശേഷം ഞാൻ ഒരു കാര്യം പറയുകയാണ്. ഞാൻ പിൻവാങ്ങുന്നു.' എന്നായിരുന്നു തിരുത്തൽ.

എന്നാൽ സാമൂഹികമാധ്യമത്തിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയതിനെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് രൂക്ഷമായി വിമർശിച്ചു. 'ആര് എന്തെഴുതി, ഞാൻ കണ്ടില്ല. അദ്ദേഹം രാജി നൽകിയോ, അത് കണ്ടെത്തണം. ആര് എങ്ങോട്ടാണ് പോകുന്നത്? ഇക്കാര്യത്തോട് എന്തിന് പ്രതികരിക്കണം? രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതും വ്യക്തിപരമായ തീരുമാനമാണ്. അതിനോട് എനിക്കൊന്നും പറയാനില്ല. എന്നാൽ ഫെയ്സ്ബുക്കിൽ എന്തെങ്കിലും എഴുതി ഒരാൾക്ക് രാഷ്ട്രീയത്തിൽ നിന്ന് പുറത്തുപോകാൻ കഴിയില്ല. അത് അയാൾക്ക് മനസ്സിലാക്കിക്കൊടുക്കണം.' എന്നായിരുന്നു ദിലീപിന്റെ പ്രതികരണം.

ബാബുലിന്റെ രാജിപ്രഖ്യാപനം വെറും ഫെയ്സ്ബുക്ക് നാടകമാണെന്നായിരുന്നു തൃണമൂൽ എംപിയുടെ പരിഹാസം. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ഒരു ആഗ്രഹവും ബാബുലിനില്ലെന്നും ആളുകൾ ഫോളോ ചെയ്യുന്നതിനായി നാടകം കളിക്കുകയാണെന്നും കുനാൽ പറഞ്ഞു.

കേന്ദ്രമന്ത്രിസഭ പുനഃസംഘടന നടത്തിയപ്പോൾ മോദി മന്ത്രിസഭയിൽ അംഗമായിരുന്ന ബാബുൽ പുറത്തായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബാബുൽ തനിക്ക് സ്വന്തമായി കുറച്ചുസമയം വേണമെന്നും അതുകൊണ്ടാണ് രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുന്നതെന്നുമാണ് പറയുന്നത്. ജനങ്ങളെ സേവിക്കുന്നതിനായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെന്നില്ലെന്നും ബാബുൽ പറയുന്നു.

.

Content Highlights:Positive energy will be saved says Babul Supriyo