ഫിറോസ്പുര്‍ (പഞ്ചാബ്) :  അതിർത്തി രക്ഷാ സേന (ബിഎസ്എഫ് ) ജവാന്മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച പ്രചോദനാത്മക പരിശീലന ശിൽപശാലയിൽ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പഞ്ചാബിലെ ഫിറോസ്പുറില്‍ ബിഎസ്എഫ് 77 ബറ്റാലിയന്‍ ആസ്ഥാനത്ത് പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി നടത്തിയ പരിശീലന പരിപാടിയിലാണ് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. 

എന്നാലിത് അവിചാരിതമായി സംഭവിച്ചതാണെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പരിശീലനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥന്റെ ലാപ്‌ടോപ്പില്‍ അശ്ലീല വീഡിയോയുടെ സാന്നിദ്ധ്യം ഉണ്ടായതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. 

ഏതാനും സെക്കന്റുകള്‍ മാത്രമാണ് വീഡിയോ പ്രദര്‍ശിപ്പിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും ബിഎസ്എഫ് അറിയിച്ചു. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ബിഎസ്എഫ് അറിയിച്ചു. 

ബിഎസ്എഫ് അച്ചടക്കമുള്ള സേനയാണെന്നും അതിന്റെ അച്ചടക്കം, കാര്യക്ഷമത എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികള്‍ ഒരിക്കലും അനുവദിക്കില്ലെന്നും പഞ്ചാബ് ബിഎസ്എഫ് വക്താവ് ആര്‍.എസ് കത്താരിയ പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിലും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.