ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെല ശ്രദ്ധേയ മുഖമായി അറിയപ്പെട്ടിരുന്ന പൂജാ ഠാക്കൂറിന് പെര്‍മനന്റ് കമ്മീഷന്‍ (വിരമിക്കുന്ന കാലംവരെ സേവനം ചെയ്യാനുള്ള അവസരം) നിഷേധിച്ചുവെന്ന് പരാതി. തീരുമാനം വിവേചനപരമാണെന്ന് ആരോപിച്ച് പൂജ സായുധസേനാ ട്രൈബ്യൂണലിനെ (എ.എഫ്.ടി) സമീപിച്ചു. പൂജയുടെ പരാതി സ്വീകരിച്ച ട്രൈബ്യൂണല്‍ നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ വ്യോമസേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത് പൂജയുടെ നേതൃത്വത്തില്‍ ആയിരുന്നു. ഇതോടെയാണ് അവര്‍ വ്യോമസേനയിലെ ശ്രദ്ധേയ വനിതയായി മാറിയത്. പെര്‍മനന്റ് കമ്മീഷന്‍ നിഷേധിച്ച നടപടി വിവേചനപരവും ന്യായീകരിക്കാന്‍ കഴിയാത്തതുമാണെന്ന് പൂജ പ്രതികരിച്ചു.

വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കാന്‍ വ്യോമസേന അടുത്തിടെയാണ് തീരുമാനമെടുത്തത്. വനിതകള്‍ ദീര്‍ഘകാലമായി ഉന്നയിച്ചുവന്ന ആവശ്യമായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതിനു പിന്നാലെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നുവന്ന 'സ്ത്രീ ശക്തി' കാമ്പയിന്‍ സായുധ സേനകളിലുള്ള വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായി വനിതകള്‍ക്ക് യുദ്ധ മുന്നണി അടക്കമുള്ളവയിലേക്ക് അവസരങ്ങള്‍ തുറന്നു.

കരസേനയില്‍നിന്ന് കേണലായി വിരമിച്ച പിതാവില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് 2000 ലാണ് പൂജ വ്യോമസേനയില്‍ എത്തിയത്. ജയ്പുര്‍ സ്വദേശിനിയാണ് അവര്‍. വിഷയം സായുധസേനാ ട്രൈബ്യൂണലിന്റെ മുന്നിലെത്തിയ സാഹചര്യത്തില്‍ ഇതോട് പ്രതികരിക്കുന്നില്ലെന്ന് ഉന്നത വ്യോമസേനാ വൃത്തങ്ങള്‍ പറഞ്ഞു.