ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിലെ തന്റെ താര പ്രചാരക പദവി നീക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് സുപ്രീം കോടതിയെ സമീപിച്ചു.

മാതൃകാ പെരുമാറ്റച്ചട്ടം ആവര്‍ത്തിച്ച് ലംഘിച്ചതിനാലും മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായും അവഗണിച്ചതിനാലും കമല്‍നാഥിന്റെ താര പ്രചാരക പദവി റദ്ദാക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.  ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കമല്‍ നാഥ് ''ധാര്‍മ്മികവും അന്തസ്സുള്ളതുമായ പെരുമാറ്റം  തുടരെത്തുടരെ ലംഘിച്ചു'' എന്നാണ് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നത്.

താര പ്രചാരക പദവി നഷ്ടമായതോടെ അദ്ദേഹത്തിന്റെ യാത്രാച്ചെലവ്, താമസം തുടങ്ങിയവയെല്ലാം സ്ഥാനാര്‍ത്ഥിയുടെ പരിമിതമായ വോട്ടെടുപ്പ് ചെലവുകളില്‍ നിന്നായിരിക്കും. ഒരു 'സ്റ്റാര്‍ കാമ്പെയ്നറുടെ' ചെലവുകള്‍ പാര്‍ട്ടി അക്കൗണ്ടിലേക്കാണ് പോവുക. മാത്രവുമല്ല ചിലവിന് പരിധിയുമുണ്ടാവില്ല.

ഒരാളെ താര പ്രചാരകനായി നാമനിര്‍ദ്ദേശം ചെയ്യുന്നത് പാര്‍ട്ടിയുടെ അവകാശമാണെന്നും ഇത് അവകാശ ലംഘനമാണെന്നുമാണ് കമൽനാഥ് പ്രതികരിച്ചത്.

 ''ഒരാളെ സ്റ്റാര്‍ കാമ്പെയ്നറായി നാമനിര്‍ദ്ദേശം ചെയ്യുന്നത് പാര്‍ട്ടിയുടെ അവകാശമാണ്. പാര്‍ട്ടി തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനാവില്ല. തീരുമാനം അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണ്", എന്നാണ് കമ്മീഷന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കമല്‍ നാഥ് കോടതിയെ അറിയിച്ചത്.

മാത്രവുമല്ല തന്റെ റദ്ദാക്കുന്നതിനു മുമ്പ് തനിക്ക് ഒരു അറിയിപ്പും മുന്‍കൂറായി ലഭിച്ചിട്ടില്ലെന്നും കമല്‍ നാഥ് പറഞ്ഞു.

ബിജെപി വനിതാ സ്ഥാനാര്‍ത്ഥിക്കെതിരേ ഐറ്റം പരാമര്‍ശം നടത്തിയതിന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കമല്‍നാഥിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

content highlights: Poll Body Removes Star Campaigner status, Kamal Nath Goes To Supreme Court