
Mahua Moitra | Photo - ANI
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുകുള്‍ റോയ്, സുവേന്ദു അധികാരി എന്നിവര്‍ ഉള്‍പ്പെട്ട നാരദ സ്റ്റിങ് ഓപ്പറേഷന്റെ വീഡിയോ ഔദ്യോഗിക യൂട്യൂബ് ചാനലില്‍നിന്ന് ബിജെപി നീക്കിയെന്ന് ആരോപണം. ഇതേത്തുടര്‍ന്ന് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മോയിത്ര രംഗത്തെത്തി. ബിജെപിയില്‍ ചേര്‍ന്നാലുടന്‍ ആര്‍ക്കും പരിശുദ്ധനായി മാറാം എന്ന് അവര്‍ പരിഹസിച്ചു.
'നാദര ഒളിക്യാമറ വീഡിയോ യൂട്യൂബ് ചാനലില്‍നിന്ന് ബിജെപി നീക്കിയെന്നാണ് ആരോപണം. അമിത് ഷായുടെ മാന്ത്രിക അലക്ക് യജ്ഞം പശ്ചിമ ബംഗാളില്‍ തുടരുകയാണ്. ബിജെപിയില്‍ ചേരുന്നവരെയെല്ലാം എത്രയും വേഗം കഴുകി സംശുദ്ധരാക്കി മാറ്റും' - ബിജെപിയുടെ യൂട്യൂബ് ചാനലിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ട് മഹുവ മോയിത്ര ട്വീറ്റ് ചെയ്തു.
എന്നാല്‍ ബിജെപി പശ്ചിമ ബംഗാള്‍ യൂണിറ്റിന്റെ ഫെയ്സ്ബുക്ക് പേജില്‍നിന്ന് വീഡിയോ നീക്കം ചെയ്തിട്ടില്ല. പറഞ്ഞുറപ്പിച്ച തുക തന്റെ ഓഫീസില്‍ എത്തിക്കണമെന്ന് മുകുള്‍ റോയ് ഒരാളോട് നിര്‍ദ്ദേശിക്കുന്നത് വീഡിയോയില്‍ കാണാം. 2016 ല്‍ നടന്ന ഒളിക്യാമറ ഓപ്പറേഷനില്‍ കുറ്റാരോപിതല്‍ ആയവരുടെ പേരുവിവരങ്ങളും ഫെയ്സ്ബുക്ക് പേജില്‍നിന്ന് ബിജെപി നീക്കിയിട്ടില്ല.
പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയിയും സുവേന്ദു അധികാരിയും അടക്കമുള്ളവര്‍ സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളില്‍നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു നാരദ സ്റ്റിങ് ഓപ്പറേഷന് വീഡിയോ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ മുകുള്‍ റോയ് 2017 ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മമത ബാനര്‍ജിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന അധികാരി കഴിഞ്ഞ ആഴ്ചയിലാണ് ബിജെപിയിലെത്തിയത്.
നാരദ ന്യൂസ് പോര്‍ട്ടലിലെ മാത്യു സാമുവലാണ് ഒളിക്യാമറ ഓപ്പറേഷന് നടത്തിയത്. 2016 ല്‍ പശ്ചിമ ബംഗാളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വീഡിയോ പുറത്തുവന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ എസ്എംഎച്ച് മിര്‍സയടക്കമുള്ള പശ്ചിമ ബംഗാളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബര്‍ദ്വാന്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു അന്ന് മിര്‍സ.
Content Highlights: Political raw after Narada sting operation video removed from BJP's youtube channe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..