ഛണ്ഡീഗഢ്: കഴിഞ്ഞ പത്ത് ദിവസമായി രാജ്യതലസ്ഥാനത്തെ അതിർത്തികളിൽ തുടരുന്ന കർഷക പ്രക്ഷോഭം ഹരിയാന സർക്കാരിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്നു. കേന്ദ്ര കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഒരു സ്വതന്ത്ര എം.എൽ.എ കൂടി ബി.ജെ.പി-ജെ.ജെ.പി സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു

പ്രക്ഷോഭത്തിന് ഉടൻ പരിഹാരം കാണണമെന്നും സമരം നയിക്കുന്ന കർഷകർക്കാണ് തന്റെ പിന്തുണയെന്നും നിലോഖേരി മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ ധാരാം പാൽ ഗോന്ദർ വ്യക്തമാക്കി. സ്വതന്ത്ര എം.എൽ.എയായ സോംവീർ സങ്ഗ്വാൻ മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് മറ്റൊരു എംഎൽഎ കൂടി സർക്കാരിനെതിരായി നിലപാട് സ്വീകരിച്ചത്. അകാലിദളും ബി.ജെ.പി സർക്കാരിനുള്ള പിന്തുണ നേരത്തെ പിൻവലിച്ചിരുന്നു. 

കർഷകരെ കേൾക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ സമരം ചെയ്യുന്ന കർഷരോടൊപ്പം അണിചേരുമെന്ന് ജെജെപി കര്‍ണാല്‍ പ്രസിഡന്റ് ഇന്ദ്രജിത്ത് സിങ് ഗൊരായ അറിയിച്ചു. കർഷകരുടെ ആവശ്യങ്ങളിൽ കേന്ദ്രം ഉടൻ പരിഹാരം കാണണമെന്ന് മുഖ്യസഖ്യ കക്ഷിയായ ജെ.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് മുൻ ഹരിയാണ മന്ത്രി ജഗദീഷ് നെഹ്റയുടെ മകൻ സുരേന്ദ്രൻ സിങ് നെഹ്റ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. കേന്ദ്രം നിലപാട് തിരുത്തിയില്ലെങ്കിൽ സ്ഥാനമാനങ്ങൾ രാജിവയ്ക്കുമെന്ന് വിവിധ നേതാക്കളും ഭീഷണി മുഴക്കിയിട്ടുണ്ട്.

ഹരിയാണ സർക്കാരിനെതിരേ നിയമസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഡൽഹിയിലേക്കുള്ള മാർച്ചിനിടെ കർഷകരെ അതിർത്തിയിൽ തടഞ്ഞതോടെ ജനങ്ങളുടെയും എം.എൽ.എമാരുടെയും പിന്തുണ ബി.ജെ.പി-ജെ.ജെ.പി സർക്കാരിന് നഷ്ടമായെന്ന് കോൺഗ്രസ് നേതാവും ഹരിയാണ മുൻമുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. മൂന്ന് സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച സാഹചര്യത്തിൽ ഗവർണർ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

90 അംഗം നിയമസഭയില്‍ 40 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. സഖ്യകക്ഷിയായ ജെജെപിക്ക് 10 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 31 എംഎല്‍എമാരും ഐഎന്‍എല്‍ഡി, ലോഖിത് പാര്‍ട്ടി എന്നിവയ്ക്ക് ഓരോ അംഗങ്ങളുമുണ്ട്. ഏഴ് സ്വതന്ത്ര എംഎല്‍എമാരില്‍ അഞ്ച് പേരുടെ പിന്തുണയാണ് നേരത്തെ സര്‍ക്കാരിനുണ്ടായിരുന്നത്. ജെജെപിക്ക് മേലും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകളുടെ ശക്തമായ സമ്മര്‍ദമുണ്ട്‌. ജെജെപിയെ വശത്താക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചനടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

content highlights:Political pressure rises in Haryana: MLA says will withdraw