സോണിയ, രാഹുൽ, ചന്ദ്രശേഖര റാവു
തിങ്കളാഴ്ച ആരംഭിച്ച പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ചില അപൂര്‍വതകള്‍ ദൃശ്യമായി. എന്‍ഡിഎ മുന്നണിയിലല്ലെങ്കിലും ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി പല പ്രതിസന്ധി ഘട്ടത്തിലും പാര്‍ലമെന്റില്‍ ബിജെപിക്ക് തുണയായിരുന്നു. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ രാജ്യസഭയിലും ലോക്‌സഭയിലും നടന്ന നിര്‍ണായക വോട്ടെടുപ്പുകളില്‍ ബിജെപിയെ പിന്തുണച്ചിരുന്ന ടി.ആര്‍.എസിന്റെ ചുവടുമാറ്റമാണിപ്പോള്‍ ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം.
സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികള്‍ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് വേണ്ടി ചേരുന്ന യോഗത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി ടി.ആര്‍.എസ് പ്രതിനിധിയും പങ്കെടുക്കുന്നു എന്നുള്ളതാണ് അപൂര്‍വ്വത. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള ബിജെപി ഇതര പാര്‍ട്ടികളുടെ യോഗത്തിലാണ് ടി.ആര്‍.എസും പങ്കെടുത്തത്. ഏഴ് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ടി.ആര്‍.എസ് ഇത്തരമൊരു പ്രതിപക്ഷ യോഗത്തില്‍ പങ്കാളികളാകുന്നത്.
12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ പ്രതിരോധിക്കാന്‍ വേണ്ടി ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മുതിര്‍ന്ന ടിആര്‍എസ് എംപി കെ.കേശവ റാവുവാണ് പങ്കെടുത്തത്.
തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളെ കോര്‍ത്തിണക്കി മൂന്നാം മുന്നണി രൂപീകരണത്തിന് ശ്രമം നടത്തിയിരുന്ന ടിആര്‍എസാണിപ്പോള്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ചുവടുമാറ്റവും തെലങ്കാനയിലെ ബിജെപിയുടെ വളര്‍ച്ചയും
കര്‍ണാടക കഴിഞ്ഞാല്‍ ബിജെപിക്ക് നിലവില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള സംസ്ഥാനമായി മാറിയിരിക്കുകയാണ് തെലങ്കാന. സമീപകാലത്ത് സംസ്ഥാനത്ത് ബിജെപിക്കുണ്ടായ വളര്‍ച്ച ചന്ദ്രശേഖര റാവുവിനേയും പാര്‍ട്ടിയേയും ചെറുതല്ലാത്ത രീതിയിലൊന്ന് പിടിച്ചു കുലുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് മുഖ്യരാഷ്ട്രീയ എതിരാളിയായി ബിജെപി നിലകൊള്ളുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് ദേശീയ തലത്തിലുള്ള ഇപ്പോഴത്തെ ടി.ആര്‍.എസിന്റെ ചുവടുമാറ്റമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
അടുത്തിടെ നടന്ന ഹുസുറാബാദ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മിന്നുംവിജയം ടിആര്‍എസിനെ ഞെട്ടിച്ചിട്ടുണ്ട്. ചന്ദ്രശേഖര റാവു മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന എടാല രാജേന്ദറാണ് അഭിമാന പോരാട്ടത്തില്‍ ടിആര്‍എസിനെ തറപറ്റിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ നേട്ടവും ഹൈദരാബാദ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിയ കടുത്ത വെല്ലുവിളിയും കണ്ട ചന്ദ്രശേഖര റാവു അപകടം മണത്തിരുന്നു.
തെലങ്കാന സര്‍ക്കാരും മോദി സര്‍ക്കാരും തമ്മിലുള്ള ശീതയുദ്ധവും ബിജെപിയുമായുള്ള നിലപാട് മാറ്റത്തിനുള്ള മറ്റൊരു പ്രേരക ഘടകമാണ്. നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ചന്ദ്രശേഖര റാവു കര്‍ഷക സമരത്തിലും കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കുകയുണ്ടായി.
പാര്‍ലമെന്റില്‍ എല്ലായ്പ്പോഴും ടിആര്‍എസ് പ്രതിപക്ഷ കക്ഷിയായാണ് പ്രവര്‍ത്തിച്ചത് എന്നതാണ് വസ്തുത. ഇത്തവണ ഞാന്‍ പല പ്രതിപക്ഷ യോഗങ്ങളിലും പങ്കെടുക്കുന്നത് ഞങ്ങളുടെ പാര്‍ട്ടി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുകയും കര്‍ഷക വിരുദ്ധരെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നതിനാലാണ്. ഈ സമ്മേളനത്തില്‍ ടിആര്‍എസ് പ്രതിപക്ഷ തന്ത്ര രൂപീകരണ യോഗങ്ങളില്‍ പങ്കെടുക്കുന്നത് തുടരും' പ്രതിപക്ഷ യോഗങ്ങളില്‍ ടിആര്‍എസിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് കേശവ റാവു മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി.
ചന്ദ്രശേഖര റാവുവിന്റെ മൂന്നാം മുന്നണി സ്വപ്‌നവും കോണ്‍ഗ്രസും
തെലങ്കാന മുഖ്യമന്ത്രി ചന്ദ്ര ശേഖര റാവുവിന്റെ ദീര്‍ഘകാല ആഗ്രമാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്-ബിജെപി ബദല്‍ സഖ്യം. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മൂന്നാം മുന്നണി സ്വപ്‌നം അദ്ദേഹം പൊടിത്തട്ടിയെടുത്തു. കോണ്‍ഗ്രസ് ഇതര ബിജെപി ഇതര പാര്‍ട്ടികളെ കോര്‍ത്തിണക്കിയുള്ള സഖ്യത്തിലൂടെ പ്രധാനമന്ത്രി പദമാണ് കെ.സി.ആര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിന്റെ ഭാഗമായി മമതാ ബാനര്‍ജിയടക്കുള്ള നേതാക്കളുമായി അദ്ദേഹം നിരവധി തവണ കൂടിക്കാഴ്ച നടത്തുകയുണ്ടായി.
ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും ഒന്നും നടന്നില്ല.
2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഒരു ഡസന്‍ എംഎല്‍എമാര്‍ കൂറുമാറി ടി.ആര്‍.എസില്‍ ചേര്‍ന്നതോടെ തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമായി. നിലവില്‍ ആറ് എംഎല്‍എമാര്‍ മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളത്. എംപി രേവന്ത് റെഡ്ഡിയെ സംസ്ഥാന അധ്യക്ഷനാക്കിയതിലൂടെ ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
എന്നാല്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച മുതലാക്കി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി മാറാനുള്ള ശ്രമത്തിലാണിപ്പോള്‍ ബിജെപി. അടുത്തിടെ നടന്ന രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ജയിക്കാനായത് പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെട്ടതിന്റെ തെളിവാണ്. ഒപ്പം ഗ്രേറ്ററ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റവും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..