ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജ്യത്ത് രണ്ടര കോടി ഡോസ് വാക്‌സിനേഷന്‍ നടന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിയുടെ 71ാം ജന്മദിനത്തിലാണ് രണ്ടര കോടി ഡോസ് വാക്‌സിന്‍ കുത്തിവച്ചത്. വാക്‌സിനേഷന്‍ നയത്തെ കുറ്റം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ ദിവസം രാത്രി 12 മണി കഴിഞ്ഞപ്പോള്‍ മുതല്‍ പനി ബാധിച്ചുവെന്ന് കണ്ടെത്തിയെന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസം.

ഗോവയിലെ ആരോഗ്യപ്രവര്‍ത്തകരെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം തെറ്റാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു മോദിയുടെ പരിഹാസം.

'വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്. പനിയും തളര്‍ച്ചയുമൊക്കെയാണ് ലക്ഷണങ്ങള്‍. ഞാന്‍ ഒരു ഡോക്ടര്‍ അല്ലാത്തത് കൊണ്ട് എനിക്ക് അതേക്കുറിച്ച് വ്യക്തമായി അറിയില്ല. പക്ഷേ രാത്രി 12 മണി കഴിഞ്ഞപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പനി ബാധിച്ചുവെന്ന്  അറിയാന്‍ കഴിഞ്ഞു.. അങ്ങനെ സംഭവിക്കുമോ ?' - അദ്ദേഹം തമാശ രൂപേണ ഒരു ഡോക്ടറോട് ചോദിച്ചു.

ഗോവയില്‍ ഒന്നാം ഡോസ് നൂറ് ശതമാനം പൂര്‍ത്തിയാക്കിയതിന് അദ്ദേഹം സംസ്ഥാനത്തേയും ആരോഗ്യപ്രവര്‍ത്തകരേയും അഭിനന്ദിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 17ന് ഇത്രയും അധികം വാക്‌സിന്‍ കുത്തിവെക്കാന്‍ കഴിഞ്ഞത് ദേശീയതലത്തിലും ആഗോളതലത്തിലും കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള രാജ്യത്തിന്റെ ശേഷിയുടെ തെളിവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: political party complained of fever yesterday says Modi after 2.5cr dose vaccines