പട്ന: ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ നയം പുറത്തുവന്നതോടെ ബിഹാറില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത രൂക്ഷം. എന്‍.ഡി.എ. സഖ്യകക്ഷികള്‍ക്കിടയിലാണ് ഭിന്നതരൂക്ഷമായിരിക്കുന്നത്. ജനസംഖ്യാ നിയന്ത്രണങ്ങളെ സംബന്ധിച്ച് സ്ത്രീകള്‍ക്ക് ബോധവത്കരണം നല്‍കിയില്ലെങ്കില്‍ ജനസംഖ്യാ നിയന്ത്രണ നിയമംകൊണ്ടുമാത്രം പ്രയോജനമുണ്ടാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാര്‍ പറഞ്ഞു.

'ജനസംഖ്യ നിയന്ത്രണം സംബന്ധിച്ച് ഓരോ സംസ്ഥാനത്തിനും ഓരോ കാഴ്ചപ്പാടുകളുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം, പക്ഷേ നിയമം കൊണ്ടുമാത്രം ജനസംഖ്യാനിയന്ത്രണം സാധ്യമാവില്ലെന്നാണ് ഞങ്ങളുടെ പക്ഷം', അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് സ്ത്രീകളേക്കാള്‍ കൂടുതല്‍ അവബോധമുണ്ടാക്കേണ്ടത് പുരുഷന്മാരിലാണെന്നും വന്ധ്യംകരണം സംബന്ധിച്ച് അവര്‍ക്കിടയില്‍ ഭയം നിലനില്‍ക്കുന്നുണ്ടെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവി പറഞ്ഞു.

അതേസമയം, യു.പി. സര്‍ക്കാരിന്റെ നടപടിയെ സ്വാഗതംചെയ്ത് ജെ.ഡി.യു. നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ രംഗത്തെത്തി. കാലം കടന്നുപോകുമ്പോള്‍ ബിഹാറിലും ഇത്തരമൊരു നിയമത്തിന്റെ ആവശ്യം ഉണ്ടാകും. കാരണം, ജനസംഖ്യാ വര്‍ധനവിന്റെ ഫലം സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രതിഫലിക്കും. യു.പിയില്‍ നടപ്പാക്കിയ നിയമം ബിഹാറിലും നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം അധ്യക്ഷന്‍ രാജേഷ് റാത്തോഡ് പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ ബോധവത്കരണം നടത്തണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, മുഖ്യമന്ത്രിയുടേത് സ്വന്തം അഭിപ്രായമാണോയെന്നും അദ്ദേഹം ചോദിച്ചു.

ജനസംഖ്യാദിനമായ ജൂലായ് 11-നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ ജനസംഖ്യാനിയന്ത്രണ നയം അവതരിപ്പിച്ചത്. അതിനുശേഷം ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ചൂടേറിയ സംവാദങ്ങള്‍ നടക്കുകയാണ്. 

Content Highlights: Political parties in Bihar divided over policy on population control