ന്യൂഡല്‍ഹി: അഞ്ചു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്ന-നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെച്ചു. ജനുവരി 16-ല്‍നിന്ന് ജനുവരി 31ലേക്കാണ് പോളിയോ മരുന്നു നല്‍കാനുള്ള ദിവസം മാറ്റിവെച്ചത്. ജനുവരി 16-ന് രാജ്യമെമ്പാടും കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്ക്കു പിന്നാലെയാണ് നാഷണല്‍ ഇമ്യുണൈസേഷന്‍ ദിനം മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്‌സിന്‍ വിതരണ പ്രക്രിയയാണ് രാജ്യത്ത് ശനിയാഴ്ച നടക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡും ഭാരത് ബയോടെക്ക് തയ്യാറാക്കിയ കോവാക്‌സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍ തുടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
content highlights: polio vaccination day rescheduled