-
സൂറത്ത്: ഗുജറാത്തിൽ മന്ത്രിയുടെ മകനുമായി തര്‍ക്കിച്ചതിന് സ്ഥലംമാറ്റുകയും തുടർന്ന് അവധിയിൽ പ്രവേശിക്കുകയും ചെയ്ത വനിതാ കോൺസ്റ്റബിളിന് സൂറത്ത് പോലീസ് സംരക്ഷണം അനുവദിച്ചു. ജീവന് ഭീഷണിയുണെന്ന പരാതിയെ തുടർന്നാണ് കോൺസ്റ്റബിൾ സുനിത യാദവിന് പോലീസ് സംരക്ഷണം അനുവദിച്ചത്.
ജോലി രാജിവെക്കാനുള്ള സന്നദ്ധതയും സുനിത ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഐപിഎസ് ഓഫീസറായി പോലീസ് സേനയിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പ് നടത്താനാണ് ജോലി രാജിവെക്കുന്നതെന്ന് സുനിത യാദവ് വ്യക്തമാക്കി. തനിക്ക് വേണ്ടിയല്ല കാക്കിയുടുപ്പിന് വേണ്ടിയുള്ളതാണ് തന്റെ പോരാട്ടമെന്നും സുനിത പറഞ്ഞു. ഫോണിലൂടെ തനിക്ക് ഭീഷണി ലഭിച്ചുവെന്നും സംസ്ഥാനത്തിന് പുറത്തു നിന്നാണ് കോളുകൾ വന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാന ആരോഗ്യമന്ത്രി കുമാർ കനാനിയുടെ മകൻ പ്രകാശ് കനാനിയുമായി ഡ്യൂട്ടിക്കിടയിലുണ്ടായ തർക്കമാണ് സുനിതയുടെ സ്ഥലംമാറ്റത്തിനിടയാക്കിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കാറില്‍ യാത്ര ചെയ്ത സുഹൃത്തുക്കളെ പോലീസ് തടഞ്ഞ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പ്രകാശ് സുനിതയുമായി തര്‍ക്കിച്ചു വനിതാ കോൺസ്റ്റബിളിനെ പ്രകാശ് ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ശനിയാഴ്ച നടന്ന സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. പ്രകാശിനേയും സുഹൃത്തുക്കളെയും ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ശക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് സുനിതയുടെ പോലീസ് ആസ്ഥാനത്തേക്കുള്ള സ്ഥലംമാറ്റത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..