ലഖ്‌നൗ: മേലുദ്യോഗസ്ഥന്റെ സ്വേഛാധിപത്യപരമായ നിലപാടിനോടുള്ള പ്രതിഷേധമായി യുപി പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ഓടിയത് 65 കിലോമീറ്റര്‍. ആഗ്രയില്‍ നിന്ന് ബിത്തോലിയിലെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് എസ്‌ഐ വിജയ് പ്രതാപ് അറുപത്തി അഞ്ച് കിലോമീറ്റര്‍ ഓടിയത്. ഉത്തര്‍പ്രദേശിലെ ബിത്തോലിയിലാണ് സംഭവം. ഇയാള്‍ ഓടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

"റിസര്‍വ് ഇന്‍സ് പെക്ടറിന്റെ സ്വേച്ഛാധിപത്യപരമായ നിലപാട് മൂലമാണ് എനിക്ക് സ്ഥലംമാറ്റം ലഭിച്ചത്. എസ്എസ്പി (സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസ്) തന്നോട് ആഗ്രയിലെ പൊലീസ് സ്റ്റേഷനില്‍ തന്നെ തുടരാന്‍ പറഞ്ഞെങ്കിലും റിസര്‍വ് ഇന്‍സ്പെക്ടര്‍ നിര്‍ബന്ധപൂര്‍വം ബിത്തോലിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. നിങ്ങള്‍ക്ക് ഇതിനെ പ്രതിഷേധമെന്നോ ദേഷ്യമെന്നോ വിളിക്കാം, പക്ഷെ ഞാന്‍ ബിത്തോലിയിലെക്ക് ഓടി തന്നെ പോകും", എന്നാണ് വിജയ് പ്രതാപ് മാധ്യമങ്ങളോട് പറഞ്ഞത്.

നിര്‍ത്താതെ ഉള്ള ഓട്ടത്തിനിടെ പ്രതാപ് അവശനായ് തളര്‍ന്നുവീണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

content highlights: Police SubInspector Runs 65 Kms Non-Stop as a protest