ന്യൂഡല്‍ഹി: മെട്രോ സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷാ ജീവനക്കാരും പോലീസും. ഫരീദാബാദിലെ സെക്ടര്‍ 28 മെട്രോ സ്‌റ്റേഷനിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.

താഴേക്ക് ചാടാനായി സുരക്ഷാ ഭിത്തിയുടെ തട്ടില്‍ ഇരുന്ന യുവതിയെ പിന്തിരിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരന്‍ യുവതിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. ഇയാള്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുന്‍പ് താഴേക്ക് ചാടാന്‍ യുവതി ശ്രമിച്ചെങ്കിലും പോലീസുകാരനും മറ്റൊരു സുരക്ഷാ ജീവനക്കാരനും ചേര്‍ന്ന് ഇവരെ മുകളിലേക്ക് എത്തിക്കുകയായിരുന്നു.

ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്ന് യുവതി പോലീസിനോട് പറഞ്ഞു. യുവതിയെ കൗണ്‍സിങ് നടത്തിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയച്ചു.

യുവതിയെ രക്ഷപ്പെടുത്തിയ സര്‍ഫറാസ് എന്ന പോലീസുകാരനെ കമ്മീഷണര്‍ ഒ.പി സിങ് അഭിനന്ദിച്ചു. 

Content Highlights: Police rescued young lady who attempted suicide inside metro station