Photo: Screengrab/ https://twitter.com/TOIPatna
പട്ന (ബിഹാര്‍): പോലീസിനെക്കണ്ട് മുങ്ങിയ മദ്യമാഫിയ സംഘത്തലവന്‍ എവിടെയുണ്ടെന്നറിയാന്‍ അയാളുടെ വീട്ടിലുണ്ടായിരുന്ന തത്തയെ ചോദ്യം ചെയ്ത് പോലീസ്. സമ്പൂര്‍ണ മദ്യനിരോധനമുള്ള ബിഹാറിലാണ് അവിശ്വസനീയമായ സംഭവം. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. അമിത് മല്ല എന്ന മദ്യമാഫിയ സംഘത്തലവനെ തേടിയാണ് ഗുരുവ പോലീസ് സ്റ്റേഷനിലെ എസ്.ഐ. കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിൽ എത്തിയത്. എന്നാൽ ഈ സമയത്ത് ഇയാൾ കുടുംബത്തോടൊപ്പം വീട്ടിൽ നിന്നും രക്ഷപ്പെട്ടിരുന്നു. വീട്ടിൽ ഒരു തത്തമാത്രം കൂട്ടിൽ ഉണ്ടായിരുന്നു. ആരേയും കണ്ടെത്താൻ പറ്റാതെ തിരിഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് പോലീസുകാർ തത്തയെ ശ്രദ്ധിക്കുന്നത്. തത്തയുടെ കരച്ചിൽ പോലീസുകാരുടെ ശ്രദ്ധപിടിച്ചു പറ്റുകയും ചെയ്തു. മനുഷ്യരുടേത് സമാനമായുള്ള ശബ്ദമായിരുന്നു തത്ത പുറപ്പെടുവിച്ചിരുന്നത്. തുടർന്ന് പോലീസ് തത്തയോട് അമിത് മുല്ലയെക്കുറിച്ച് ചോദിക്കുകയായിരുന്നു.
'എയ് തത്തേ, നിന്റെ ഉടമ എവിടെ പോയി? അത് മല്ല എവിടെ പോയി? നിന്നെ ഒറ്റക്ക് നിർത്തി പോയോ?' തുടങ്ങിയ കാര്യങ്ങൾ കനയ്യ കുമാർ ചോദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുറച്ച് നേരം നിശ്ശബ്ദത പാലിച്ചെങ്കിലും പിന്നെ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തത്തയുടെ സംസാരം തിരിച്ചറിയാൻ സാധിക്കുമെന്നും ഇതുവഴി ഒളിവിൽ കഴിയുന്ന സംഘത്തലവനെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്.ഐ കനയ്യ കുമാർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മദ്യനിരോധനം നടപ്പാക്കിയ ബിഹാറിൽ വൻ തോതിൽ മദ്യക്കടത്തുകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 2.54 ലക്ഷത്തിലേറെ പേരെയാണ് മദ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: police quiz parrot to get clue about liquor mafia in Bihar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..