വി.കെ ശശികല
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കൊടനാട് എസ്റ്റേറ്റിലെ കൊള്ള, കൊലപാതക കേസില്‍ ജയലളിതയുടെ തോഴി വി.കെ ശശികലയെ തമിഴ്നാട് പോലീസിലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസിന്റെ പുനരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പോലീസ് ശശികലയുടെ ചെന്നൈയിലെ ടി.നഗറിലെ വീട്ടിലെത്തി ചോദ്യം ചെയ്തത്.
കൊടനാട് എസ്റ്റേറ്റിലെ വസ്തു വകകള്‍ ചെന്നൈയിലെ ഒരു ഹോട്ടലില്‍ നിന്ന് കണ്ടെത്തിയ സംഭവം, കൊടനാട് നിന്ന് കാണാതായ സ്വത്തുക്കളുടെ വിവരം, കാണാതായ രേഖകള്‍ എന്നിവയെ കുറിച്ചെല്ലാം ശശികലയോട് അന്വേഷണ സംഘം ചോദിച്ചിറിഞ്ഞിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ജയലളിതയുടെ ഉടമസ്ഥതയിലുള്ള 800 ഏക്കറോളം വരുന്ന എസ്റ്റേറ്റിലെ ബംഗ്ലാവില്‍ മലയാളികള്‍ അടങ്ങുന്ന സംഘം അതിക്രമിച്ച് കയറി കവര്‍ച്ച നടത്തുകയും സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു കേസ്.2017 ഏപ്രില്‍ 23 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ഇതിലെ പ്രധാന പ്രതികളെല്ലാം മലയാളികളാണ്.
ഈ സംഭവത്തിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയും ജയലളിതയുടെ മുന്‍ ഡ്രൈവറുമായിരുന്ന കനകരാജ്, രണ്ടാം പ്രതി സയന്റ ഭാര്യ, മകള്‍ എന്നിവരും ഒരേ ദിവസം ദുരൂഹമായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. സയന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ എസ്റ്റേറ്റിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതോടെ പോലീസിന് തലവേദനയായ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ സംഭവങ്ങളെല്ലാം നടക്കുമ്പോള്‍ അഴിമതി കേസില്‍ ശശികല ജയിലിലായിരുന്നുവെങ്കിലും പിന്നില്‍ ശശികലയാണെന്ന ആരോപണവും ശക്തമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡി.എം.കെ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതടെയാണ് കേസില്‍ പുതിയ തെളിവുകളും വിവരങ്ങളുമുണ്ടെന്നും പുനഃരന്വേഷിക്കണമെന്നും തമിഴ്നാട്പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. തന്നെ കേസില്‍ മനപൂര്‍വം കുടുക്കാനാണ് പുനരന്വേഷണമെന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഇ.പളനിസ്വാമി ആരോപിച്ചിരുന്നുവെങ്കിലും പുനരന്വേഷണത്തിന് കോടതി അനുവാദം നല്കി.
എന്നാല്‍ കേസില്‍ ശരിയായ അന്വേഷണം നടത്തുമെന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നും കുറ്റം ചെയ്യാത്തവര്‍ ആരും പേടിക്കേണ്ട ആവശ്യമില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് പ്രതികരിച്ചു.
Content Highlights: Police Questioned VK Sasikala on Kodanad Case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..