ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ഗൗരി ലങ്കേഷ് പത്രിക എഡിറ്ററുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. 

കഴിഞ്ഞ 17 വര്‍ഷമായി ഗൗരിയും സഹോദരനും തമ്മില്‍ സ്വത്ത് സംബന്ധിച്ച് തര്‍ക്കം നിലനിന്നിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇന്ദ്രജിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. 

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ തോക്ക് ചൂണ്ട് ഭീഷണിപ്പെടുത്തിയെന്ന കാണിച്ച് 2006-ല്‍ ഗൗരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയും കണക്കിലെടുത്താണ് സഹോദരനെ ചോദ്യം ചെയ്തത്. 

എന്നാല്‍, അന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ സംഘത്തിൽ ഇന്ദ്രജിത്ത് അതൃപ്തി രേഖപ്പെടുത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുകൊണ്ടു തന്നെ ഇന്ദ്രജിത്ത് അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.