-
ഹരിയാണ: ലോക്ക്ഡൗണില്‍ വീട്ടില്‍ തനിച്ചായിപ്പോയ മുതിര്‍ന്ന പൗരന്റെ പിറന്നാള്‍ ആഘോഷിച്ച് ഹരിയാണ പോലീസ്. കരണ്‍ പുരിയെന്ന അറുപത്തൊമ്പതുകാരന്റെ പിറന്നാളാണ് പോലീസ് വ്യത്യസ്തമാക്കിയത്. തനിച്ചുകഴിയുന്ന കരണ്‍ പുരിയുടെ പിറന്നാള്‍ ദിനത്തില്‍ മക്കളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് കേക്കുമായി പോലീസ് എത്തി.
'പിതാവിന്റെ പിറന്നാളിന് ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ച് പുരിയുടെ മക്കള്‍ ഞങ്ങളെ ടാഗ് ചെയ്തുകൊണ്ട് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. കോണ്‍സ്റ്റബിള്‍മാരായ നേഹ, ആരതി, ഡ്രൈവര്‍ മഹാവീര്‍ എന്നിവരുടെ സഹായത്തോടെ ഞങ്ങള്‍ ഒരു കേക്ക് വാങ്ങി, അദ്ദേഹത്തിന്റെ പിറന്നാളാഘോഷിക്കാന്‍ വേണ്ടി ചെന്നു.' ഇന്‍സ്‌പെക്ടര്‍ നേഹ ചൗഹാന്‍ പറയുന്നു.
അപ്രതീക്ഷിതമായി വീട്ടുപടിക്കല്‍ പോലീസിനെ കണ്ട പുരിയാകട്ടെ ആദ്യം ഭയക്കുകയാണ് ചെയ്തത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്നന്വേഷിക്കാനായി എത്തിയതാകും പോലീസ് എന്നായിരുന്നു പുരി കരുതിയത്. തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായതിനെ തുടര്‍ന്ന് ശാസിക്കാനെത്തിയതാണെന്ന് കരുതി വീട്ടിനുള്ളിലേക്ക് തിരിച്ച് നടക്കുകയും ചെയ്തു. എന്നാല്‍ പോലീസ് കാര്യങ്ങള്‍ വ്യക്തമാക്കിയപ്പോള്‍ കരണ്‍ പുരി വികാരാധീനനായി.
'എല്ലാവരെയും പോലെ ഞാനും വീടിന് പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ ഒരു മാസത്തിന് ശേഷം എന്റെ പിറന്നാളിന് കേക്കുമായി ഒരുപാട് പേരെ ഒന്നിച്ചുകണ്ടപ്പോള്‍ ഞാന്‍ വല്ലാതെ വികാരാധീനനായി. സന്തോഷം കൊണ്ട് കരഞ്ഞുപോയി.എനിക്ക് 69 വയസ്സു തികഞ്ഞു. ഇത്തരമൊരു ആഘോഷത്തില്‍ ആരായാലും വികാരാധീനനാകും.' പുരി പറയുന്നു.
മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ മൂലമുണ്ടായ ഏകാന്തതയെ നാമെല്ലാം സഹിച്ചേ പറ്റൂവെന്നാണ് കരണ്‍ പുരിയുടെ അഭിപ്രായം. 'മുതുര്‍ന്ന പൗരന്മാര്‍ മാത്രമല്ല, എല്ലാവരും ഏകാന്തതയെന്ന രാക്ഷസനോട് പോരാടുകയാണ്. നമ്മളെല്ലാവരും സാമൂഹിക ജീവികളാണ്, ആശയവിനിമയത്തിലൂടെയും പുതിയ ആളുകളെ കണ്ടുമുട്ടുന്നതിലൂടെയും സ്വയം അഭിവൃദ്ധിപ്പെടുന്നവര്‍. എനിക്കെന്റെ ദിനചര്യ എനിക്ക് നഷ്ടമായി. എല്ലാത്തിലുമുപരി പഞ്ചാബ് സര്‍വകലാശാലയിലെ എന്റെ സ്റ്റോറിലേക്കുള്ള 11 കിലോ മീറ്റര്‍ യാത്ര നഷ്ടമായി. ഒരിക്കലും ഞാന്‍ ഇങ്ങനെ പറയുമെന്ന് കരുതിയതല്ല. പക്ഷേ ട്രാഫിക്, പുതിയ മുഖങ്ങളെ കാണുന്നത്, പഴയ പരിചയക്കാരെ കണ്ടുമുട്ടുന്നത് എല്ലാം എനിക്ക് നഷ്ടമായിരിക്കുകയാണ്.'
ആത്മറാം ആന്‍ഡ് സണ്‍സ് പബ്ലിഷിങ് ഹൗസിന്റെ ഉടമായാണ് പുരി. കരണ്‍ പുരിക്ക് രണ്ടു ആണ്‍മക്കളാണ്. ഒരാള്‍ ഓസ്‌ട്രേലിയയിലും മറ്റൊരാള്‍ ദില്ലിയിലും സ്ഥിരതാമസമാക്കി. പിറന്നാളിന് പിതാവിനെ അത്ഭുതപ്പെടുത്തണമെന്ന് പഞ്ചകുള പോലീസിനോട് മക്കള്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.
എല്ലാ വര്‍ഷവും പോലീസുകാരുമായി തന്റെ ജന്മദിനം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു പുരിയുടെ മറുപടി. 'സര്‍പ്രൈസ് ആസൂത്രണം ചെയ്ത എസിപി നൂപുര്‍ ബിഷ്തിന് ഞാന്‍ നന്ദിപറയുന്നു. ഞാന്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ എന്റെ ജന്മദിനം ആഘോഷിച്ചിട്ടുണ്ട്. പക്ഷേ ഇത് വളരെ വ്യത്യസ്തമായിരുന്നു, വിലമതിക്കാനാവാത്ത ഒന്ന്.'
ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ഉള്‍പ്പടെ നിരവധി പേര്‍ പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ഈ കാഴ്ച കണ്ടപ്പോള്‍ കണ്ണുകള്‍ നനഞ്ഞു. കരണ്‍ പുരിക്ക് ജന്മദിനാശംസകള്‍ നേരുന്നു.' വീഡിയോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി കുറിച്ചു.
Content Highlights: Police planned a surprise for Karan Puri on his birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..