കോയമ്പത്തൂര്‍: സ്ത്രീധനം ആവശ്യപ്പെട്ട് ഗര്‍ഭിണിയായ ഭാര്യയെ ജയില്‍ ഉദ്യോഗസ്ഥന്‍ അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വാര്‍ഡനായ ഭൂപതി ഭാര്യ സുധയെ നിരന്തരം ഉപദ്രവിക്കുന്നതായാണ് ഭാര്യവീട്ടുകാര്‍ പരാതി നല്‍കിയത്. തങ്ങളുടെ പരാതി പോലീസ് അവഗണിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

പതിനൊന്നു വര്‍ഷം മുമ്പാണ് മേട്ടൂര്‍ സ്വദേശിയായ ഭൂപതി സുധയെ വിവാഹം ചെയ്തത്. വിവാഹശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ സുധയെ ഉപദ്രവിക്കുക പതിവായിരുന്നു. ആദ്യത്തെ കുട്ടി ഉണ്ടായതോടെ ഇരുവരും രമ്യതയിലെത്തുകയും പ്രശ്നങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിക്കുകയും ചെയ്തു. എന്നാല്‍, കുറച്ചുനാളുകള്‍ക്ക് ശേഷം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായി.

ഉപദ്രവത്തെക്കുറിച്ച് അറിഞ്ഞ സുധയുടെ വീട്ടുകാര്‍ അന്ന് തന്നെ ഭൂപതിക്കെതിരേ സേലം ടൗണ്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തന്നെ ജയിലിലാക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭൂപതി ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് സുധ തന്നെ പരാതി പിന്‍വലിച്ചു. അതിനു ശേഷം ഇരുവരും രണ്ടിടത്തായിരുന്നു താമസം. മകളുടെ വിദ്യാഭ്യാസ ചിലവുകള്‍ക്ക് ഭൂപതി പണം നല്‍കണമെന്ന സുധയുടെ പരാതിയെത്തുടര്‍ന്ന് കോടതി ഇരുവരോടും സംസാരിക്കുകയും കൗണ്‍സിലിങ്ങിനൊടുവില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തു.

സുധ രണ്ടാമതും ഗര്‍ഭിണിയായതോടെയാണ് വീണ്ടും പ്രശ്നങ്ങളാരംഭിച്ചത്. രണ്ടാമത്തേതും പെണ്‍കുട്ടിയാണെങ്കില്‍ മുഴുവന്‍ ചെലവുകളും സുധയുടെ വീട്ടുകാര്‍ തന്നെ വഹിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പതിവായി മര്‍ദ്ദനം. ഭ്രൂണലിംഗപരിശോധന നടത്താന്‍ ഭൂപതിയുടെ അമ്മ മേട്ടൂരിലെ ആശുപത്രിയില്‍ അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും സുധയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. മര്‍ദ്ദനമേറ്റ് വീട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന സുധയെ ബന്ധുക്കളെത്തി ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം വാര്‍ത്തയായത്.

പരാതി പോലീസ് വേണ്ടവിധം ഗൗരവത്തിലെടുക്കുന്നില്ലെന്നും ഭൂപതിയുടെ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും സുധയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, കേസന്വേഷണം പുരോഗമിക്കുകയാണെന്ന് കോയമ്പത്തൂര്‍ സിറ്റി കമ്മീഷണര്‍ പ്രതികരിച്ചു.

courtesy:The News Minute

content highlights: police man allegedly demands dowry, assaults pregnant wife