ഛണ്ഡീഗഢ്: ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പങ്കെടുക്കുന്ന ചടങ്ങ് തടസ്സപ്പെടുത്താന്‍ കര്‍ഷക പ്രക്ഷോഭകരുടെ ശ്രമം. ഖട്ടാര്‍ ഹിസാറില്‍ കോവിഡ് ആശുപത്രി ഉദ്ഘാടനം ചെയ്യാനിരുന്ന വേദിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. ബാരിക്കേഡുകള്‍ മറികടന്ന് വേദിയേല്ക്ക് കടക്കാന്‍ ശ്രമിച്ചവര്‍ക്കെതിരായാണ് നടപടിയുണ്ടായതെന്ന് പോലീസ് പറഞ്ഞു.

അതേ സമയം പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചതായും നിരവധി കര്‍ഷകരെ അറസ്റ്റ് ചെയ്തതായും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷക മാര്‍ച്ചിനെ തുടര്‍ന്ന് ദേശീയ പാതയുടെ വിവിധ ഭാഗങ്ങളില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറസ്റ്റ് ചെയ്ത കര്‍ഷകരെ വിട്ടയച്ചില്ലെങ്കില്‍ ഹരിയാണയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ഉപരോധിക്കുമെന്ന് ഹിസാറിലെത്തിയ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാരുനി പറഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഹിസാര്‍ ഐജിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി.

അഞ്ഞൂറോളം ആളുകളാണ് ഖട്ടാര്‍ പങ്കെടുത്ത പരിപാടിയില്‍ ഉണ്ടായിരുന്നത്. അവര്‍ക്ക് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നടത്താമായിരുന്നു. അവര്‍ കോവിഡ് പ്രചരിപ്പിക്കുകയും കര്‍ഷകരുടെ മേല്‍ കെട്ടിവെക്കുകയും ചെയ്യുകയാണ്. തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും ഗുര്‍നം സിംഗ് ചാരുനി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ കുറേ മാസങ്ങളായി ഹരിയാണയിലടക്കം കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം തുര്‍ന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും പിന്മാറാന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. ഡല്‍ഹി അതിര്‍ത്തിയിലെ കുണ്ട്‌ലി പോലുള്ള വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ് അവര്‍.

മാസങ്ങള്‍ക്ക് മുമ്പ് കര്‍ഷക പ്രക്ഷോഭകര്‍ വേദി അലോങ്കലപ്പെടുത്തുകയും ഹെലിപാട് തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഹരിയാണ മുഖ്യമന്ത്രി ഖട്ടാറിന് പൊതുപരിപാടി റദ്ദാക്കേണ്ടി വന്നിരുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി സമ്പൂര്‍ണ്ണലോക്ക്ഡൗണിലാണ് ഹരിയാണ. മെയ് 24 വരെ ആയി ലോക്ക്ഡൗണ് ഒരാഴ്ചത്തേക്ക് കൂടി ഇന്ന് നീട്ടുകയും ചെയ്തു.