റായ്പുര്‍: കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ നടന്ന ഉത്സവപരിപാടി തടയാനെത്തിയ അധികൃതര്‍ക്ക് നേരെ ആള്‍ക്കൂട്ടആക്രമണം. ജാര്‍ഖണ്ഡിലെ സാരായ്‌കേലയിലാണ് ജനങ്ങള്‍ തിങ്ങി നിറഞ്ഞ ഉത്സവപരിപാടി തടയാനെത്തിയ ബ്ലോക്ക് ഉദ്യോഗസ്ഥനും പോലീസുകാര്‍ക്കും നേരെ ആക്രമണമുണ്ടായത്. വടികള്‍ ഉപയോഗിച്ചായിരുന്നു ജനങ്ങളുടെ ആക്രമണം. 

നൂറുകണക്കിനാളുകള്‍ ഉത്സവത്തില്‍ പങ്കെടുക്കുന്നത് കോവിഡ് വ്യാപനത്തിന് വഴിതെളിക്കുമെന്നതിനാല്‍ പോലീസ് ബ്ലോക്ക് ഉദ്യോഗസ്ഥനെയും കൂട്ടി ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനെത്തുകയായിരുന്നു. പരിപാടി നിര്‍ത്തി വീടുകളിലേക്ക് മടങ്ങാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ ആളുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണത്തിന് മുതിരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പൊടിപടലം നിറഞ്ഞ ഉത്സവപ്പറമ്പില്‍ ആളുകള്‍ വളയുന്നതിനിടെ രക്ഷതേടി ഓടുന്ന ഉദ്യോഗസ്ഥരെ വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ചില ആളുകള്‍ പോലീസിന് നേരെ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. ജനങ്ങളില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാതെയാണ് വീഡിയോയില്‍ കാണപ്പെടുന്നത്. ബ്ലോക്ക് ഉദ്യോഗസ്ഥനും സ്റ്റേഷന്‍-ഇന്‍-ചാര്‍ജ് ഉദ്യോഗസ്ഥനും മര്‍ദനമേറ്റതായി പോലീസ് പിന്നീട് അറിയിച്ചു. 

മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങി പല സംസ്ഥാനങ്ങളും വ്യാഴാഴ്ച മുതല്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍, സ്വകാര്യമേഖല ഓഫീസുകളെ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.

Content Highlights: Police Go To Stop Mela In Jharkhand Village Thrashed With Sticks