ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി |ഫോട്ടോ: പി.ടി.ഐ
ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ച മൂന്ന് വിദ്യാര്‍ഥികളുടെ മോചനം ഡല്‍ഹി പോലീസ് വൈകിക്കുന്നുവെന്ന് വിദ്യാര്‍ഥികളുടെ അഭിഭാഷകന് കോടതിയില്‍ ആരോപിച്ചു. കേസില്‍ യു.എ.പി.എ. ചുമത്തപ്പെട്ട ജെ.എന്‍.യു. വിദ്യാര്‍ഥികളായ ദേവാംഗന കലീത്ത, നടാഷ നാര്‍വാള്‍, ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥിനി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയത്.
എന്നാല്‍, വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിന് മുമ്പ് അവരുടെയും ജാമ്യം നിന്നവരുടെയും മേല്‍വിലാസങ്ങള്‍ ശരിയാണോ എന്ന് വിലയിരുത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും വിദ്യാര്‍ഥികളുടെ മോചനം വൈകിപ്പിക്കാന്‍ ഡല്‍ഹി പോലീസ് ശ്രമിക്കുന്നുവെന്ന് അവരുടെ അഭിഭാഷകന് കോടതിയില്‍ ആരോപിച്ചത്.
രാജ്യസഭ മുന്‍ എം.പി. വൃന്ദ കാരാട്ട്, ആക്ടിവിസ്റ്റ് ഗൗതം ഭാന്‍, ജെ.എന്‍.യുവിലെയും ജാമിയ മിലിയ സര്‍വകലാശാലയിലെയും പ്രൊഫസര്‍മാര്‍ എന്നിവരാണ് വിദ്യാര്‍ഥികള്‍ക്കുവേണ്ടി ജാമ്യം നിന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. വിദ്യാര്‍ഥികളുടെ ആധാര്‍ കാര്‍ഡ് അടക്കമുള്ളവ പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതി മൂന്നു പേര്‍ക്കും ജാമ്യം അനുവദിച്ചത്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള തിരക്കിനിടെ അധികൃതര്‍ പ്രതിഷേധവും ഭീകര പ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍വരമ്പ് അവ്യക്തമാക്കിയെന്ന് ഹൈക്കോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 53 പേര് കൊല്ലപ്പെടുകയും ഇരുന്നൂറിലേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തി, പ്രകോപനപരമായി പ്രസംഗിച്ചു, ആളെ കൂട്ടി തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് വിവിധ വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റ് ചെയ്തത്.
കടപ്പാട് - India Today
Content Highlights: 'Police delaying students release'; High drama in Delhi Court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..