ചെങ്കോട്ടയിലേക്കുള്ള കോൺഗ്രസ് മാർച്ചിനെത്തിയവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കുന്നു | ANI
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിലും അദാനി വിഷയത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ചെങ്കോട്ട മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്. ചെങ്കോട്ട പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചെന്നും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകണമെന്നും പോലീസ് നിര്‍ദേശിച്ചു. മാര്‍ച്ചിനായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ഇതോടെ സംഘര്‍ഷമായി. മുതിര്‍ന്ന നേതാക്കളായ പി ചിദംബരം, ജെപി അഗര്‍വാള്‍, ഹരീഷ് റാവത്ത്, ജോതിമണി എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തില്‍ നിന്നുള്ള എംപിയായ ജെബി മേത്തറിനെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തില്‍ കയറ്റിയത്.
ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സമാധാനപൂര്‍ണമായ മാര്‍ച്ചായിരിക്കും നടത്തുക എന്ന് കോണ്‍ഗ്രസ് നേരത്തേതന്നെ അറിയിച്ചിരുന്നു. ചെങ്കോട്ട മുതല്‍ ടൗണ്‍ഹാള്‍ വരെ നീണ്ടുനില്‍ക്കുന്ന ഒന്നരക്കിലോമീറ്റര്‍ പ്രദേശത്തായിരുന്നു മാര്‍ച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നത്. മുഴുവന്‍ കോണ്‍ഗ്രസ് എം.പി.മാരും നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കമ്യൂണിക്കേഷന്‍ ചുമതലയുള്ള ജയ്‌റാം രമേശും അറിയിച്ചിരുന്നു.
അതേസമയം സംഘടനയുടെ വിവിധ തലങ്ങളില്‍ ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ജയ് ഭാരത് സത്യാഗ്രഹ എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധം ബുധനാഴ്ച ആരംഭിക്കും. ദേശീയ തലത്തിലെ സത്യാഗ്രഹം ഏപ്രില്‍ എട്ടിന് സമാപിക്കും. തുടര്‍ന്ന് ഏപ്രില്‍ 15 മുതല്‍ 20 വരെ ജില്ലാതലത്തിലും ഏപ്രില്‍ 20 മുതല്‍ 30 വരെ സംസ്ഥാന തലത്തിലും സത്യാഗ്രഹം നടത്തും. ജില്ലാ ആസ്ഥാനത്ത് നടത്തുന്ന സത്യാഗ്രഹത്തില്‍ കളക്ടറേറ്റ് ഘൊരാവോ ചെയ്യാനും ആഹ്വാനമുണ്ട്. സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടികളെ ക്ഷണിക്കാന്‍ ഡി.സി.സികള്‍ക്ക് നിര്‍ദേശമുണ്ട്. സംസ്ഥാന തലത്തിലെ സത്യഗ്രഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഒരുദിവസം നിരാഹാരമിരിക്കും. ഇതിലും മറ്റ് പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടാവും.
Content Highlights: police crack down on congress protest at red fort, leaders detained
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..