ചെന്നൈ: ഡിഎംകെ നേതാവും പ്രശസ്ത കോളിവുഡ് താരവുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണസമയത്ത് അവിടെ നിന്ന് ഇഷ്ടിക മോഷ്ടിച്ച കുറ്റത്തിനാണ് ബിജെപി അംഗം ഉദയനിധി സ്റ്റാലിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. 

എയിംസ് ക്യാംപസില്‍ നിന്ന് എടുത്തു കൊണ്ടു വന്നതാണെന്ന അവകാശവാദത്തോടെ തൂത്തുക്കുടിയിലെ വിലാത്തികുളത്ത് വ്യാഴാഴ്ച നടന്ന പൊതുയോഗത്തില്‍ ഉദയനിധി സ്റ്റാലിന്‍ ഒരു ഇഷ്ടിക പ്രദര്‍ശിപ്പിച്ചിരുന്നു. 'മൂന്ന് കൊല്ലം മുമ്പ് എഐഎഡിഎംകെയും ബിജെപിയും നിര്‍മാണമാരംഭിച്ച എയിംസ് ആശുപത്രിയെ കുറിച്ച് നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ, ഇത് ഞാനവിടെ നിന്ന് എടുത്തു കൊണ്ടു വന്നതാണ്'. ഇഷ്ടിക ഉയര്‍ത്തിക്കാട്ടി സ്റ്റാലിന്‍ പറഞ്ഞു. 

ക്യാംപസ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ ഭരണകക്ഷിക്കെതിരായ ഉദയനിധി സ്റ്റാലിന്റെ വിമര്‍ശനം ഇഷ്ടിക ഉയര്‍ത്തിക്കാട്ടുന്ന ചിത്രത്തിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ബിജെപി അംഗമായ നീധിപാണ്ഡ്യന്‍ പരാതി നല്‍കിയത്. 

'പ്രധാനമന്ത്രി നരേന്ദ്രമോദി 2019 ജനുവരി 27-ന് മധുരയിലെ തോപ്പുരില്‍ എയിംസ് ആശുപത്രിയുടെ നിര്‍മാണത്തിനായി ശിലാസ്ഥാപനം നടത്തി. 2020 ഡിസംബറില്‍ ക്യാംപസിന്റെ ചുറ്റുമതിലിന്റെ നിര്‍മാണം ആരംഭിച്ചു. സംരക്ഷിതവസ്തുവില്‍ നിന്ന് ഡിഎംകെ യുവജനവിഭാഗം സെക്രട്ടറി ഉദയനിധി സ്റ്റാലിന്‍ ഒരു ഇഷ്ടിക മോഷ്ടിക്കുകയും കുറ്റം ഏറ്റുപറഞ്ഞ് മോഷണവസ്തു പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു'- നീധിപാണ്ഡ്യന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 380-ാം  വകുപ്പനുസരിച്ച് ഉദയനിധി സ്റ്റാലിന് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതാണെന്നും പരാതിയിലുണ്ട്. തികച്ചും നിസാരമായ ഒരു സംഗതിയാണിതെന്നും തമിഴ്‌നാട്ടിലെ ബിജെപിയുടെ കഴിവിനെ കുറിച്ച് പരാതിയില്‍ നിന്ന് തിരിച്ചറിയാമെന്നും ആരോപണത്തിനെതിരെ ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ പ്രതികരിച്ചു. 

Content Highlights: Police Complaint Filed Against Udhayanidhi Stalin for 'Stealing Brick'