ന്യൂഡല്‍ഹി: വന്‍തുക വായ്‌പെടുത്തത് തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നവരെ പിടികൂടാന്‍ സ്വകാര്യ ഡിറ്റക്ടീവുകളുടെ സഹായം തേടാനുള്ള തീരുമാനത്തിലാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. 13,000 കോടി രൂപയുടെ വായ്പ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയെയും മെഹുല്‍ ചോക്‌സിയെയും കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ബാങ്കിന്റെ തീരുമാനം.

നീരവ് മോദിയും മെഹുല്‍ ചോക്‌സിയും വെട്ടിച്ചതു കൂടാതെ 12,574 കോടി രൂപയുടെ ബാധ്യത ബാങ്കിന് വരുത്തിവച്ച 1,018 വ്യക്തികളെക്കൂടി കണ്ടെത്താനുണ്ട്.  വന്‍തുക കടമെടുത്ത ശേഷം നിരവധി പേരാണ് ബാങ്കിനെ വെട്ടിയ്ക്കുുന്നത്. അത്തരക്കാരുടെ സ്വത്തുവിവരങ്ങളെക്കുറിച്ചോ നല്കിയിരിക്കുന്ന ഈടിനെക്കുറിച്ചോ ബാങ്കിന് വ്യക്തമായ ധാരണയുമില്ല. വായ്പയെടുത്ത പണം ബിസിനസ്സിലോ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലോ മുടക്കുകയാണ് ഇവരില്‍ ഭൂരിഭാഗത്തിന്റെയും പതിവ്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ബാങ്കിനെ അറിയിക്കാറുമില്ല. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡിറ്റക്ടീവ് ഏജന്‍സികളുടെ സഹായം തേടുന്നത് വഴി ബാങ്ക് ഉദ്ദേശിക്കുന്നത് മുങ്ങിനടക്കുന്നവര്‍ എവിടെയാണെന്ന് കണ്ടെത്തുക എന്നത് മാത്രമാണ്. വായ്പയെടുത്തവര്‍,ജാമ്യക്കാര്‍, അവരുമായി അടുത്ത ബന്ധമുള്ളവര്‍ തുടങ്ങിയവരെയൊക്കെ കണ്ടെത്താനാണ് ഉദ്ദേശം. ബാങ്ക് റെക്കോര്‍ഡുകളിലെ രേഖകളനുസരിച്ച് കണ്ടെത്താനാവാത്ത എല്ലാ വായ്പക്കാരെയും ഇങ്ങനെ കണ്ടുപിടിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇന്ത്യക്കകത്തും പുറത്തും തെരച്ചില്‍ നടത്തും. വായ്പാത്തട്ടിപ്പുകാരുടെ നിലവിലെ ജീവിതാവസ്ഥ,അവര്‍ ചെയ്യുന്ന തൊഴില്‍, വരുമാനവിവരങ്ങള്‍, സ്വത്തുവിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഇങ്ങനെ കണ്ടെത്താമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

ഇതാദ്യമായല്ല വായ്പാത്തട്ടിപ്പുകാരെ കണ്ടെത്താന്‍ ബാങ്കുകള്‍ ഡിറ്റക്ടീവ് ഏജന്‍സികളുടെ സഹായം തേടുന്നത്. ഇന്‍ഡ്യന്‍ ബാങ്ക് ,സിന്‍ഡിക്കേറ്റ് ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് തുടങ്ങിയവയെല്ലാം മുന്‍കാലങ്ങളില്‍ ഈ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട്.

content highlights:PNB to hire detectives to trace absconding defaulters, Panjab National Bank, Nirav Modi, Mehul Choksi