ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ക്കുമേല്‍ പ്രശംസചൊരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള നേതാക്കള്‍. ദൗത്യം പുതിയ കണ്ടെത്തലുകള്‍ക്ക് വഴിതുറക്കുമെന്നും പുത്തന്‍ അറിവുകള്‍ പ്രദാനം ചെയ്യുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അഭിമാനാര്‍ഹമായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.  പ്രധാനമന്ത്രിയുടെ ഓഫീസിലെ വലിയ സ്‌ക്രീനില്‍ വിക്ഷേപണം തത്സമയം വീക്ഷിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരും ചന്ദ്രയാന്‍ 2 ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രംഗത്തെത്തി.

ചന്ദ്രയാന്‍ 2 രാജ്യത്തെ സമര്‍ഥരായ യുവാക്കളെ ശാസ്ത്ര മേഖലയിലേക്കും ഗവേഷണത്തിന്റെയും കണ്ടെത്തലുകളുടെയും രംഗത്തേക്കും ആകര്‍ഷിക്കുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യ പുതിയ ഉയരങ്ങള്‍ കീഴടക്കിയെന്നും ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനം നല്‍കുന്നതിന് പ്രധാനമന്ത്രി മോദിക്ക് അദ്ദേഹം നന്ദി പറഞ്ഞു.

ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ മുന്‍ പ്രധാനമന്ത്രിമാര്‍ക്കുള്ള പങ്ക് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ബഹിരാകാശ ഗവേഷണത്തിന് തുടക്കം കുറിച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവാണ്. ചന്ദ്രയാന്‍ 2 പദ്ധതിക്ക് അനുമതി നല്‍കിയത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍, ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയവരും ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു.

Content Highlights: PM, Union ministers, opposition hail Chandrayaan 2 launch