മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രധാനമന്ത്രി മോദിയും |ഫോട്ടോ:PTI
മുംബൈ: രാഷ്ടീയത്തിനപ്പുറം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മികച്ച ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ ആഴ്ച ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം.
മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയുമായി ജൂണ്‍ എട്ടിന് ഉദ്ധവ് കൂടിക്കാഴ്ച നടത്തിയതെങ്കിലും ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ സഖ്യത്തില്‍ ആശയകുഴപ്പം ഉടലെടുത്തിരുന്നു. കോണ്‍ഗ്രസ്-ശിവസേന നേതാക്കളുടെ പ്രസ്താവനകളും മുന്നണിയിലെ അസ്വസ്ഥത പ്രകടമാക്കുന്നതായിരുന്നു.
എന്നാല്‍ മോദി-ഉദ്ധവ് താക്കറെ കൂടിക്കാഴ്ചക്ക് രാഷ്ട്രീയമാനം നല്‍കേണ്ടതില്ലെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്. വെട്ടിക്കുറച്ച മറാഠ ക്വാട്ടയില്‍ കേന്ദ്ര ഇടപെടല്‍ നടത്തുക എന്നതിലാണ് ഉദ്ധവ് താക്കറെ മുന്‍ഗണന നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
'ഇരുവരും 40 മിനിറ്റ് മാത്രമാണ് സംസാരിച്ചത്. അത് ബിജെപിയുമായി തങ്ങള്‍ കൈകോര്‍ക്കാന്‍ പോകുന്നുവെന്ന ഊഹാപോഹത്തിന് ഇടയാക്കരുത്. ഞങ്ങളുടെ വഴികള്‍ വ്യത്യസ്തമാണ്. ബിജെപി പ്രതിപക്ഷത്തും ഞങ്ങള്‍ അധികാരത്തിലുമാണ്. അതേ സമയം തന്നെ ഞങ്ങള്‍ക്ക് ഇപ്പോഴും ശക്തമായ വ്യക്തി ബന്ധങ്ങളുണ്ട്. താക്കറെ കുടുംബവും നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രാഷ്ട്രീയം വേറിട്ടതാകാമെങ്കിലും വ്യക്തിബന്ധങ്ങള്‍ ശക്തമാണ്' സഞ്ജയ് റാവത്ത് പറഞ്ഞു.
ശരത് പവാറിനെ നോക്കൂ. പവാര്‍ കുടുംബവുമായി ഞങ്ങള്‍ എല്ലാ സമയത്തും ബന്ധം പുലർത്തുന്നുണ്ട്. ഞങ്ങള്‍ വ്യത്യസത മുന്നണികളിലായിരുന്നപ്പോഴും പരസ്പരം ബന്ധം പുലര്‍ത്തിയിരുന്നു. ഇതാണ് മഹാരാഷ്ട്രയുടെ പാരമ്പര്യം. തങ്ങള്‍ ബന്ധം നിലനിര്‍ത്തുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..