ന്യൂഡല്‍ഹി: കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ എന്നിവരുമായാണ് പ്രധാനമന്ത്രി ഫോണ്‍ മുഖേന ചര്‍ച്ച നടത്തിയത്. 

സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കുന്നതിനായി പ്രത്യേകം ആപ്പ് വികസിപ്പിക്കുന്നതില്‍ കേന്ദ്രത്തിന്റെ അനുവാദം ആരാഞ്ഞ് താക്കറേ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി അദ്ദേഹവുമായി ചർച്ച നടത്തിയത്.

രാജ്യത്തെ പ്രതിദിനക്കേസുകളില്‍ 72 ശതമാനം കേസുകളും പത്തുസംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. രണ്ടാമത് കർണാടകയും മൂന്നാമത് കേരളവുമാണ്.

കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.