Photo: AP
ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച്ചയുണ്ടായ സംഭവത്തില്‍ അന്വേഷണത്തിന് സ്വതന്ത്ര സമിതിയെ നിയമിച്ച് സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ചണ്ഡിഗഡ് ഡിജിപി, എന്‍ഐഎ ഐജി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. ഇതിന് പുറമെ പഞ്ചാബ് പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനും സമിതിയിലുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്.
നിങ്ങള്‍ തീരുമാനം എടുത്തുകഴിഞ്ഞുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കുന്നത്. പിന്നെന്തിനാണ് കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് ഹിമ കോലി വാദത്തിനിടെ സോളിസിറ്റര്‍ ജനറലോട് ചോദിച്ചു. പഞ്ചാബ് സര്‍ക്കാരിന് അയച്ച കാരണം ബോധിപ്പിക്കാനുള്ള നോട്ടീസ് തന്നെ പരസ്പര വിരുദ്ധമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതേ നോട്ടീസില്‍ തന്നെ അന്വേഷണത്തിനായി ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതായി പറയുന്നുണ്ട്. അതിനോടൊപ്പം തന്നെ സുരക്ഷാ വീഴ്ചയില്‍ പഞ്ചാബ് സര്‍ക്കാരാണ് കുറ്റക്കാരെന്നും പറയുന്നു. എവിടെയാണ് അന്വേഷണം. ആരാണ് കുറ്റക്കാരായി കണ്ടെത്തിയത്-കോടതി ചോദിച്ചു.
കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സുരക്ഷ വീഴ്ച്ച സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സമിതി നടത്തുന്ന അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും കോടതി തള്ളി. പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അന്വേഷിക്കാന്‍ ആകുകയുള്ളു എന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. എന്നാല്‍ കേന്ദ്രം നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ സംസ്ഥാന ചീഫ് സെക്രട്ടറിക്കും, ഡിജിപി ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണെന്നും പഞ്ചാബിന്റെ അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
പഞ്ചാബില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. രേഖകള്‍ കൈമാറിയിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
Content Highlights: PM security breach; SC appointed panel to investigate lapse in Punjab


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..