പ്രധാനമന്ത്രി നരേന്ദ്ര മോദി | Photo: AP
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു മുതിർന്ന നേതാക്കളും പങ്കെടുക്കുന്ന ബി.ജെ.പി.യുടെ റോഡ്ഷോ തലസ്ഥാനത്ത് തിങ്കളാഴ്ച നടക്കും. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച മോദിയെ അനുമോദിക്കുന്നതിനാണ് റോഡ്ഷോ. ഉച്ചകഴിഞ്ഞ് മൂന്നിന് സൻസദ് മാർഗിലെ പട്ടേൽ ചൗക്ക് റൗണ്ട് എബൗട്ടിൽനിന്ന് ജയ് സിങ് റോഡ് ജങ്ഷനിലേക്കാണ് റോഡ്ഷോ ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയിൽ വലിയ ജനക്കൂട്ടം ഉണ്ടാകാനാണ് സാധ്യത. സുഗമമായ ഗതാഗതനിയന്ത്രണം ഉറപ്പാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന റോഡ്ഷോ പിന്നീട് പാർട്ടി തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പ്രധാനമന്ത്രിക്ക് പുറമെ പാർട്ടി പ്രസിഡന്റ് ജെ.പി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും റോഡ് ഷോയുടെ ഭാഗമാകും രണ്ടുദിവസത്തെ ബി.ജെ.പി. ദേശീയ നിർവാഹകസമിതി യോഗം ഡൽഹിയിൽ തിങ്കളാഴ്ച ആരംഭിക്കും.
ഈവർഷം നടക്കുന്ന ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകൾ, അടുത്തവർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവയാണ് യോഗത്തിന്റെ പ്രധാന അജൻഡ. തിങ്കളാഴ്ച വൈകീട്ട് നാലിന് ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൺവെൻഷൻ സെന്ററിൽ പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡ യോഗം ഉദ്ഘാടനംചെയ്യും. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രധാന യോഗമാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്.
35 കേന്ദ്രമന്ത്രിമാർ, 12 മുഖ്യമന്ത്രിമാർ, അഞ്ച് ഉപമുഖ്യമന്ത്രിമാർ, 37 പ്രദേശ് അധ്യക്ഷൻമാർ തുടങ്ങി 350 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്ന് ദേശീയ ജനറൽ സെക്രട്ടറി വിനോജ് താവ്ഡെ പറഞ്ഞു.
റോഡുകളിലെ തിരക്ക് കുറയ്ക്കാൻ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടു. നിയുക്ത പാർക്കിങ് സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണമെന്നും പോലീസ് നിർദേശിച്ചു. സംശയാസ്പദമായ സാഹചര്യങ്ങളിൽ അസ്വാഭാവികവും അജ്ഞാതവുമായ വസ്തുവോ വ്യക്തിയോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.
Content Highlights: PM's Roadshow In Delhi Today Ahead Of Mega BJP Meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..