പ്രധാനമന്ത്രി നരേന്ദ്രമോദി | Photo : ANI
ഫാഹിം നസീര്‍ ഷാ നടക്കുകയാണ്, ശ്രീനഗറില്‍ നിന്ന് ഡല്‍ഹി വരെ. 815 കിലോമീറ്ററോളം വരുന്ന ദൂരം കാല്‍നടയായി യാത്ര ചെയ്യുന്നതിന് പിന്നില്‍ ഫാഹിമിന് ലക്ഷ്യമുണ്ട്. തന്റെ യാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ലഭിക്കുകയും അതിലൂടെ തന്റെ ആരാധ്യപുരുഷനായ നരേന്ദ്രമോദിയുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തുകയുമാണ് ഈ ഇരുപത്തെട്ടുകാരന്റെ ലക്ഷ്യം.
ചെറിയ ഇടവേളകള്‍ എടുത്താണ് ഫാഹിമിന്റെ യാത്ര. രണ്ട് ദിവസം മുന്പാരംഭിച്ച യാത്ര 200 കിലോമീറ്ററോളം പിന്നിട്ട് ഞായറാഴ്ച ഉദ്ദംപുരിലെത്തിക്കഴിഞ്ഞു. ഡല്‍ഹിയില്‍ എത്തിച്ചേരുമ്പോഴേക്കും തന്റെ യാത്രയെ കുറിച്ച് മോദിജി അറിയുകയും തന്റെ ആഗ്രഹം സഫലമാകുകയും ചെയ്യുമെന്ന പ്രതീക്ഷ ഫാഹിം പങ്കുവെച്ചു. ഇതിന് മുന്‍പ് പ്രധാനമന്ത്രിയെ കാണാന്‍ ഫാഹിം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. അതിനാലാണ് ഇത്തവണ ശ്രമം കുറച്ച് 'സാഹസിക'മാക്കാമെന്ന തീരുമാനത്തില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി മോദിയെ സാമൂഹികമാധ്യമങ്ങളിലൂടെ ഫാഹിം പിന്തുടരുന്നുണ്ട്. മോദിയുടെ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് തന്നെ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാക്കിയതെന്ന് ഫാഹിം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിന് നല്കി വന്നിരുന്ന പ്രത്യേക പദവി നീക്കിയത് ആ പ്രദേശത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക പരിഗണനയാണ് വ്യക്തമാക്കുന്നതെന്ന് ഫാഹിം പ്രതികരിച്ചു.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചാല്‍ കശ്മീരിലെ യുവജനത നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ഫാഹിം പറഞ്ഞു. ശ്രീനഗറിലെ ഷാലിമാര്‍ നിവാസിയായ ഫാഹിം ഒരു പാര്‍ട്ട്ടൈം ഇലക്ട്രീഷ്യനാണ്. എന്തായാലും രണ്ടര വര്‍ഷമായി തന്റെ പ്രിയപ്പെട്ട മോദിജിയെ കാണാനായി തുടരുന്ന ശ്രമം ഇപ്രാവശ്യം സഫലമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഫാഹിം.
Content Highlights: PM's "Big Fan" Walking From Srinagar To Delhi In Hopes Of Meeting Him
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..