പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ സംസാരിക്കുന്നു | Photo: ANI
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും ലോക്സഭയില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ പോലും രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും രാഷ്ട്രീയ അന്ധതയില്‍ മര്യാദകള്‍ മറന്നെന്നും മോദി വിമര്‍ശിച്ചു. പാര്‍ലമെന്റിനെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുകയാണ്. സാധാരണക്കാരുമായി പ്രതിപക്ഷ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. കോണ്‍ഗ്രസ് ജനാധിപത്യത്തെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യം കോവിഡിനെതിരേ പോരാടുകയാണെന്നും 80% പേരും രണ്ടു ഡോസ് വാക്സിനുമെടുത്തെന്നും മോദി ചൂണ്ടിക്കാട്ടി. അതു വലിയ നേട്ടമാണ്. കോവിഡ് നിയന്ത്രണത്തില്‍ ഇന്ത്യ ലോക രാജ്യങ്ങള്‍ക്ക് മാതൃകയായി. ആഗോളതലത്തില്‍ കോവിഡിന് ശേഷം പുതിയ നേതൃതലത്തിലേക്ക് ഇന്ത്യ എത്തിയെന്നും മോദി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. ഈ ഭരണത്തില്‍ കര്‍ഷകരുടെ നിലവാരം ഉയര്‍ന്നു. ഉത്പന്നങ്ങളുടെ കയറ്റുമതി ഇരട്ടിയായി. സ്വയം പര്യാപ്തരാവുകയാണ് കര്‍ഷകര്‍. കോണ്‍ഗ്രസ് കരുതിയത് കോവിഡിലൂടെ തന്നെ അപമാനിക്കാമെന്നാണ്. തന്റെ പ്രതിച്ഛായ കുറയുമെന്നും വിചാരിച്ചു. എന്നാല്‍ ഒന്നും നടന്നില്ലെന്നും മോദി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചു. അതിഥി തൊഴിലാളികളെ ദുരിതത്തിലേക്ക് തളളി വിട്ടു. ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിച്ചത്. ഇപ്പോഴും ചിലര്‍ 2014-ല്‍ കുരുങ്ങിക്കിടക്കുകയാണ്. ശക്തികേന്ദ്രങ്ങള്‍ തള്ളിക്കളഞ്ഞത് കോണ്‍ഗ്രസ് മനസിലാക്കുന്നില്ല. അടുത്ത നൂറ് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് ഭരണം ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് പ്രതീക്ഷയുമില്ല. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയേയും കോണ്‍ഗ്രസ് എതിര്‍ക്കുന്നുവെന്നും പ്രധാമന്ത്രി കുറ്റപ്പെടുത്തി.
യുപിഎ സര്‍ക്കാര്‍ പാവങ്ങളെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. അതിന് മറുപടിയായി ജനങ്ങള്‍ ഇന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കി. കോണ്‍ഗ്രസ് ഭരണം കയ്യാളിയിരുന്ന സംസ്ഥാനങ്ങളുടെ ഇന്നത്തെ അവസ്ഥ എണ്ണിപ്പറഞ്ഞാണ് മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചത്. തെലങ്കാനയെ നിര്‍മ്മിച്ചത് നിങ്ങളാണെന്ന് പറയുന്നു. എന്നാല്‍ അവിടുത്തെ പൊതുജനങ്ങള്‍ പോലും അത് നിഷേധിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ഇത്രയും തവണ പരാജയപ്പെട്ടിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ലെന്നും മോദി പരിഹസിച്ചു.
Content Highlights: PM's All-Out Attack In Parliament
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..