ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ എ.കെ.ശര്‍മയെ ഉത്തര്‍പ്രദേശ് ബി.ജെ.പി. വൈസ് പ്രസിഡന്റായി നിയമിച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് ശര്‍മയുടെ രാഷ്ട്രീയ നിയമനം. നേരത്തെ, യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുനസംഘടനയില്‍ നിയമസഭാ കൗണ്‍സില്‍ അംഗമായ എ.കെ.ശര്‍മ മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

ഉത്തര്‍പ്രദേശ് ബി.ജെ.പി. വൈസ് പ്രസിഡന്റായി ശര്‍മയെ നിയമിച്ചുവെന്ന് സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, യുപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, എന്നിവര്‍ ഡല്‍ഗിയില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനേക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.  

1988 ബാച്ച് ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എ.കെ.ശര്‍മ, സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച ശേഷം ഈ വര്‍ഷം ജനുവരിയിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ നിന്നുള്ള ശര്‍മ പ്രധാനമന്ത്രി മോദിയുമായി അടുത്ത ബന്ധമുള്ളയാളാണ്. ഗുജറാത്തില്‍ മോദിയോടൊപ്പം ശര്‍മ ജോലി ചെയ്തിട്ടുണ്ട്.

Content Highlights: PM's Aide Made UP BJP Vice President, After Buzz Over Role As Minister