ശരത് പവാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും | ഫയൽ ചിത്രം |PTI
ന്യൂഡല്‍ഹി: അഭ്യൂഹങ്ങളുയര്‍ത്തി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും എന്‍സിപി നേതാവ് ശരത് പവാറും തമ്മില്‍ കൂടിക്കാഴ്ച. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ച ഇരുപത് മിനുട്ടോളം നീണ്ടു. വിവിധ കേസുകളില്‍ മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിലുള്പ്പെടുന്ന ശിവസേന-എന്‍സിപി നേതാക്കള്‍ക്കെതിരേയും ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന മറ്റ് രാഷ്ട്രീയകക്ഷി നേതാക്കള്‍ക്കെതിരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടി സംബന്ധിച്ച് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സംബന്ധിച്ച വിഷയങ്ങള്‍ ചർച്ചചെയ്തതായി ശരത് പവാറും പ്രതികരിച്ചിട്ടുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് സഞ്ജയ് റാവത്തിനെതിരേ നടപടി സ്വീകരിച്ചതെന്നും ഇത് അനീതിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കഴിഞ്ഞദിവസം ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യയുടേയും രണ്ട് കൂട്ടാളികളുടേയും 11.15 കോടി രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മഹാരാഷ്ട്രയിലെ എന്‍സിപി-ശിവസേനാ നേതാക്കളെ ലക്ഷ്യമിടുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ട് എന്‍സിപി നേതാവായ അനില്‍ ദേശ്മുഖിനെ ബുധനാഴ്ച രാവിലെ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം, സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത 12 അംഗങ്ങളുടെ പട്ടികയ്ക്ക് ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ഇക്കാര്യം ശരത് പവാര്‍ ചര്‍ച്ചയില്‍ ഉന്നിയിച്ചിട്ടുണ്ടാവാമെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു. മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരും ചര്‍ച്ചചെയ്തതെന്നാണ് എന്‍സിപി നേതാക്കളില്‍ പലരും പ്രതികരിച്ചത്.
രാജ്യത്തെ ഏറ്റവും മുതിര്‍ന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാവായ ശരത് പവാറും പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് എന്നതും ശ്രദ്ധേയമാണ്.
Content Highlights: PM's 20-Minute Meeting With NCP Chief Sharad Pawar Sparks Buzz
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..