ന്യൂഡല്‍ഹി: വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാംഘട്ട തുറക്കലിന് തയ്യാറാകാന്‍ അദ്ദേഹം വിവിധ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചു. വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന തരത്തിലുള്ള കിംവദന്തികള്‍ക്കെതിരെ പോരാടേണ്ടതുണ്ടെന്നും സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

രണ്ടാംഘട്ട തുറക്കലില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന അദ്ദേഹം നല്‍കി. പ്രധാന നഗരങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന് പിന്നാലെ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന തരത്തിലുള്ള കിംവദന്തികളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ രണ്ടാംഘട്ട തുറക്കലിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. രാജ്യത്തെ ജനങ്ങളുടെ ദുരിതം എങ്ങന ലഘൂകരിക്കാനാവും എന്നതും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിമാരോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം തടയുന്നതിനുള്ള അടിസ്ഥാന മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന സൂചന അദ്ദേഹം നല്‍കി.

മാസ്‌ക ധരിക്കുക, ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ഉറപ്പാക്കിക്കൊണ്ടാവും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക. വൈറസ് വ്യാപനം എത്രത്തോളം തടയാന്‍ കഴിയുന്നുവോ അത്രത്തോളം ഇളവുകള്‍ അനുവദിക്കും. കൂടുതല്‍ ഓഫീസുകള്‍ തുറക്കും, ചന്തകള്‍ തുറക്കും, ഗതാഗത നിയന്ത്രണങ്ങള്‍ നീക്കും ഇതോടെ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: PM rubbishes lockdown rumours, asks CMs to get ready for Unlock 2.0