അലിഗഢ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രശംസകള്‍ ചൊരിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇരട്ട എന്‍ജിനുള്ള സർക്കാരിന്റെ ഇരട്ട നേട്ടങ്ങളുടെ' തിളക്കമുള്ള ഉദാഹരണമാണ് ഉത്തർപ്രദേശ് എന്ന് മോദി പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ.

രാജ്യത്തിന്റെ വികസനത്തിന് ബൃഹത്തായ സംഭാവനയാണ് യുപി സർക്കാർ ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ വികസന കാമ്പയിനാണ് യുപി നടത്തിക്കൊണ്ടിരിക്കുന്നത്. അലിഗഢിലെ രാജാ മഹേന്ദ്ര പ്രതാപ് സിങ് സർവകലാശാലയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു കൊണ്ട് മോദി പറഞ്ഞു.

അതേസമയം, അഖിലേഷ് യാദവിനേയും മായാവതിയേയും പേരെടുത്ത് പറയാതെ പ്രധാനമന്ത്രി വിമർശിക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ ഗുണ്ടകളും കൊള്ളക്കാരും മാഫിയ ബന്ധമുള്ളവരും ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. യുപിയിലെ ജനങ്ങൾക്ക് അതൊരിക്കലും മറക്കാൻ സാധിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു. 

ഡൽഹിയിൽ നിന്ന് 150 കിലോമീറ്റർ മാറിയാണ് സർവകലാശാലയുടെ കാമ്പസ് നിർമ്മിക്കുന്നത്. ജാട്ട് സമുദായ നേതാവ് മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പേരിലാണ് പുതിയ സർവകലാശാല എന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ കർഷകർ ഏറെക്കാലമായി സമരം തുടരുന്നതിനിടയിലാണ് യുപിയിൽ തിരഞ്ഞെടുപ്പ് വരുന്നത്. 

ഉത്തർപ്രദേശിലെ പടിഞ്ഞാറൻ മേഖലയിലെ ജാട്ട് സമുദായത്തിന്റെ വോട്ടുകൾ നിർണ്ണായകമാണ്. 17 ശതമാനം വോട്ടുകൾ ജാട്ട് സമുദായത്തിന്റേതാണ്. ഈ സാഹചര്യത്തിൽ 2022 ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ജാട്ട് സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യമിട്ടാണ് ജാട്ട് സമുദായ നേതാവ് രാജാ മഹേന്ദ്ര പ്രതാപ് സിംങിന്റെ പേരിലുള്ള സർവകലാശാല നിർമ്മാണം എന്ന് ആക്ഷേപം ഉയരുന്നുണ്ട്.

ഉത്തർപ്രദേശ് യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപനം.

Content Highlights: PM Praises Yogi Adityanath - Double-Engine Government's Double Benefits