ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷമേ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ പ്രശ്‌നപരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അയോധ്യ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചിക്കുന്നില്ല. നിയമനടപടികള്‍ പൂര്‍ത്തിയായ ശേഷം സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്താണോ അത് ചെയ്യും. ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അയോധ്യ വിഷയത്തില്‍ പരിഹാരം കാണുമെന്ന് ബിജെപിയുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. അതാണ് സര്‍ക്കാര്‍ നിര്‍വഹിക്കുക.- മോദി പറഞ്ഞു.

അയോധ്യ കേസുകള്‍ വൈകിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോടതിയില്‍ കോണ്‍ഗ്രസ് അഭിഭാഷകര്‍ കേസിന്റെ നടത്തിപ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. നിയമനടപടികളെ അതിന്റേതായ രീതിയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യരുത്. ഇത്തരം നടപടികളില്‍ നിന്ന്‌ കോണ്‍ഗ്രസുകാരായ അഭിഭാഷകര്‍ പിന്‍മാറണമെന്ന് രാജ്യത്തിന്റെ സമാധാനവും ഐക്യവും മുന്‍നിര്‍ത്തി കോണ്‍ഗ്രസിനോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമേക്ഷേത്രം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ക്ഷേത്രനിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നും ബിജെപിയില്‍ ഒരു വിഭാഗവും ശിവസേന അടക്കമുള്ള കക്ഷികളും ആവശ്യമുന്നയിച്ചുകൊണ്ടിരിക്കുന്നിതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. അയോധ്യ കേസില്‍ വാദം ആരംഭിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി ഏതാനും ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും എന്നാണ് റിപ്പോര്‍ട്ട്.

Content Highlights: Narendra Modi, Ram Temple, Ayodhya Case