ന്യൂഡൽഹി: പ്രതിപക്ഷം എല്ലായ്‌പ്പോഴും നമ്മുടെ സേനയെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി. ബാലാകോട്ടില്‍ വ്യോമസേനാ ആക്രമണത്തില്‍ 300 പേര്‍ ശരിക്കും കൊല്ലപ്പെട്ടോ എന്നും യഥാര്‍ഥ കണക്കറിയാന്‍ ഇന്ത്യക്കാര്‍ക്ക് അവകാശമുണ്ടെന്നുമുള്ള കോണ്‍ഗ്രസ്സ് നേതാവ് സാം പിത്രോദയുടെ പ്രസ്താവനയെ തുടര്‍ന്നാണ് രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്.

"പ്രതിപക്ഷം നമ്മുടെ സേനയെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകള്‍ ചോദ്യം ചെയ്യണമെന്ന് ഇന്ത്യന്‍ ജനതയോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. 130 കോടി ജനങ്ങള്‍ പ്രതിപക്ഷത്തിന്റെ ഇത്തരം കോമാളിത്തരങ്ങള്‍ മറക്കുകയും പൊറുക്കുകയുമില്ല. ഇന്ത്യ സേനയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുന്നു", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ബാലാകോട്ടില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചതെന്തെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും 300 പേരെ ശരിക്കും കൊന്നിട്ടുണ്ടോ എന്നും കോണ്‍ഗ്രസ്സ് നേതാവ് സാം പിത്രോദ ചോദിച്ചിരുന്നു.

നിങ്ങള്‍ 300 പേരെ കൊന്നിട്ടുണ്ടെങ്കില്‍ അത് ഞങ്ങളറിയണം. നമ്മളെല്ലാം അറിയണം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരും കൊല്ലപ്പെട്ടില്ലെന്ന പറയുമ്പോള്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ദൗര്‍ഭാഗ്യകരമായി തോന്നുകയാണ് എന്ന് സാം പിത്രോദ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പുല്‍വാമ ആക്രമണത്തിനു ശേഷം ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ചിലര്‍ വന്ന് ആക്രമണം നടത്തിയതിന് ഒരു രാജ്യത്തെ ഒന്നാകെ എങ്ങനെയാണ് കുറ്റം പറയുകയെന്നാണ് സാം പിത്രോദ മറുപടി നല്‍കിയത്.

നിങ്ങള്‍ 300 പേരെ കൊന്നെന്ന് പറയുമ്പോള്‍ ഞാന്‍ പറയുകയാണ്. നോക്കൂ അങ്ങനെയല്ലല്ലോ മരണസംഖ്യയെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഞാന്‍ ചൂണ്ടിക്കാണിക്കുകയാണെന്നും പിത്രോദ കൂട്ടിച്ചേര്‍ത്തു.

പ്രതികരണങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പൗരനെന്ന നിലയില്‍ സംശയങ്ങള്‍ ചോദിക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്ന് പിത്രോദ ചോദിച്ചു. അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

content highlights: PM Narendramodi on Sam Pitroda statements