ന്യൂഡൽഹി: പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്രമോദി ആദ്യമായി പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു. ബിജെപി ആസ്ഥാനത്ത്‌ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും പങ്കെടുത്തു. 

"പ്രാപ്തിയുള്ള സര്‍ക്കാരാണെങ്കില്‍ തിരഞ്ഞെടുപ്പും ഐപിഎല്ലും ഒരേ സമയം നടത്താന്‍ കഴിയും. അപൂര്‍വ്വമായേ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച സര്‍ക്കാര്‍ അധികാരത്തില്‍ വരാറുള്ളൂ. 2019ല്‍ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചുവരും", പ്രധാനമന്ത്രി പറഞ്ഞു. പ്രചാരണവുമായി സഹകരിച്ച എല്ലാ മാധ്യമപ്രവർത്തകർക്കും മോദി നന്ദി അറിയിച്ചു.

"ജനാധിപത്യത്തിന്റെ ശക്തി എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നമ്മള്‍ ലോകത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. പണ്ട് തെരഞ്ഞെടുപ്പിനായി ഐപിഎല്‍ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, റംസാനും ഐപിഎല്ലും മറ്റെല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല", മോദി പറഞ്ഞു. 

മെയ് 23-ന് ബിജെപി ഓഫീസില്‍ നിന്ന് മധുരം ലഭിക്കുമെന്ന് മാധ്യമപ്രവർത്തകരോട് ചിരിച്ചുകൊണ്ട് മോദി പറഞ്ഞു. 

"പുതിയ ഭരണരീതിയാണ്  രാജ്യത്ത് നിലവിലുള്ളത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന തരം ഭരണമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ആ വികസനം ജനങ്ങള്‍ക്ക് മനസ്സിലാകും, അതിനനുസരിച്ച് വോട്ട് ചെയ്യും. അഞ്ച് വര്‍ഷത്തിനിടെ തന്റെ ഒരു പരിപാടി പോലും റദ്ദായിട്ടില്ല", മോദി കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രിയോട് മാധ്യമ പ്രവർത്തക ചോദ്യം ചോദിക്കാനൊരുങ്ങിയപ്പോൾ പാർട്ടി അധ്യക്ഷൻ മറുപടി തരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

മോദിഭരണത്തിനായുള്ള ജനങ്ങളുടെ ആഗ്രഹപ്രകടനം പ്രചാരണ സമയത്ത് കണ്ടെന്നും ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ വേണമെന്ന ആവശ്യം പൊതു ജനത്തില്‍ നിന്ന് ഉയര്‍ന്നു കേട്ടെന്നും അമിത് ഷാ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഓരോ പതിനഞ്ച് ദിവസം കൂടുന്തോറും മോദി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവന്നുവെന്നും 300ലധികം സീറ്റുകള്‍ നേടി മോദി വീണ്ടും അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ച് കൊണ്ടാണ് ഇരുവരും വാര്‍ത്താ സമ്മേളനം നടത്തിയത്. 

content highlights: PM NarendraModi first press conference