നരേന്ദ്ര മോദി | ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: സംസ്ഥാനത്ത് വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുറന്ന കത്ത്. തുടര്‍ച്ചയായി രണ്ടാം തവണയും സംസ്ഥാനഭരണം നേടാമെന്നുള്ള ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്ന വിധത്തിലാണ് കര്‍ണാടകജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രിയുടെ കത്ത്. കത്തിനൊപ്പം വീഡിയോ സന്ദേശവും ട്വിറ്ററില്‍ മോദി ഷെയര്‍ ചെയ്തിട്ടുണ്ട്.
കര്‍ണാടകയില്‍ അടിസ്ഥാനസൗകര്യവികസനവും ഗതാഗതമേഖലയില്‍ ആധുനികവത്കരണവും നടപ്പാക്കുമെന്നും ഗ്രാമീണ-നാഗരികമേഖലകളില്‍ ജനജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ ഓരോ പൗരന്റേയും സ്വപ്‌നമാണ് എന്റെ സ്വപ്‌നം. കര്‍ണാടകയെ രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമാക്കാന്‍ മേയ് പത്തിന് എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും വീഡിയോ സന്ദേശത്തില്‍ മോദി ആവശ്യപ്പെട്ടു.
നിങ്ങള്‍ എക്കാലവും എന്റെമേല്‍ ചൊരിഞ്ഞ സ്‌നേഹവും വാല്‍സല്യവും ദൈവികമായ വരപ്രസാദമായാണ് എനിക്ക് അനുഭവപ്പെടുന്നതെന്ന് മോദി കത്തില്‍ പറയുന്നു. ആസാദി കാ അമൃത് കാല്‍ പരിപാടിയിലൂടെ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ ഒരു വികസിതരാജ്യമാക്കാനാണ് നാം ലക്ഷ്യമിടുന്നത്. ആ ലക്ഷ്യപൂര്‍ത്തീകരണത്തിനായി ആസാദി കാ അമൃത് കാല്‍ പദ്ധതിയ്ക്ക് നേതൃത്വം നല്‍കാന്‍ കര്‍ണാടക എല്ലാതരത്തിലും പ്രാപ്തമാണെന്ന് മോദി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. നമ്മുടെ അടുത്ത ലക്ഷ്യമെന്നത് ആദ്യമൂന്ന് സ്ഥാനങ്ങളില്‍ ഒന്നിലെത്തുക എന്നതാണ്. അത് സാധ്യമാകണമെങ്കില്‍ ലക്ഷം കോടി രൂപ മതിപ്പുള്ള സമ്പദ്ഘടനയായി കര്‍ണാടകയുടെ ത്വരിതഗതിയിലുള്ള വികസനം ആവശ്യമാണ്, മോദി കത്തില്‍ പറഞ്ഞു.
കോവിഡ് കാലത്ത് ബിജെപി സര്‍ക്കാരിന്റെ കീഴില്‍ കര്‍ണാടകയ്ക്ക് 90,000 കോടി രൂപയുടെ വാര്‍ഷിക വിദേശനിക്ഷേപമാണ് ലഭിച്ചത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത് വെറും 30,000 കോടി രൂപ മാത്രമായിരുന്നു. നിക്ഷേപം, വ്യവസായം, നവീകരണം, വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം എന്നിവയില്‍ കര്‍ണാടകയെ നമ്പര്‍ വണ്ണാക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, മോദി കൂട്ടിച്ചേര്‍ത്തു.
Content Highlights: PM Narendra Modi's Open Letter To People Of Karnataka Day Before Polls
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..